തിരുവനന്തപുരത്ത് മോണോറെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ‘മാഗ്ലെവ്’ (മാഗെ്നറ്റിക് ലെവിറ്റേഷന്‍) സാങ്കേതിക വിദ്യ പരിഗണിക്കണമെന്ന് ഡി.എം.ആര്.സി ഉപദേശകന് ഇ.ശ്രീധരന്. എന്നാല്‍ ലോകത്ത് മോണോ റെയില്‍ മേഖലയില്‍ ഏറെയൊന്നും ഉപയോഗിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യയോട് സര്‍ക്കാരിന് താത്പ്പര്യമില്ലെന്നറിയുന്നു.
ശക്തമായ കാന്തികധാരയുടെ സഹായത്താല്‍ പാളം തൊടാതെ ട്രെയിന്‍ ഓടിക്കുന്ന സാങ്കേതിക വിദ്യയാണ് മാഗെ്നറ്റിക് ലെവിറ്റേഷന്‍. തിരുവനന്തപുരത്തിന് അനുകൂലം ഈ കാന്തിക ട്രെയിനാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇ.ശ്രീധരന് നിര്‍ദേശിച്ചു.
കൊറിയയിലെ ഹുണ്ടായി റോട്ടം കമ്പനി ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നുണ്ടെന്നും 2013-ല്‍ കൊറിയയില്‍ ആദ്യത്തെ മാഗ്ലെവ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനി അധികൃതര്‍ നടത്തിയ പ്രസന്േറഷനില് വ്യക്തമാക്കി.
വീലുകളില്ലാതെ കാന്തികപാളത്തില് നിന്ന് തെല്ലുയര്ന്ന് ‘പറക്കുന്ന’ മാഗ്ലെവ് ട്രെയിനുകള്‍ നാളത്തെ ലോകത്തിന്റെ മുഖമുദ്രയാകുകയാണെന്ന് ശ്രീധരന് വ്യക്തമാക്കി. കൂടുതല്‍ വൈദ്യുതി വേണമെന്നതാണ് സാധാരണ മോണോറെയില്‍ സാങ്കേതികവിദ്യയെ അപേക്ഷിച്ച് മാഗ്ലെവിനുള്ള പ്രധാന പ്രശ്നം. എന്നാല്‍ വേഗവും കൃത്യതയും സുരക്ഷിതത്വവും ഇവയ്ക്ക് കൂടുതലാണ്.
ലോകത്ത് അത്രയൊന്നും പ്രചാരത്തിലില്ലാത്ത നിലയ്ക്ക് ഏറെ ആലോചനകള്‍ക്കുശേഷം മാത്രമേ മാഗ്ലെവ് സാങ്കേതികവിദ്യ പരിഗണിക്കാനാവൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍ അറിയിച്ചു. തിരുവനന്തപുരം മോണോ റെയിലിനായി സാധ്യതാപഠനം നടത്തിയ നാറ്റ്പാക്കിനും മാഗ്ലെവിനോട് താല്‍പ്പര്യമില്ലെന്നറിയുന്നു. കോഴിക്കോട്ട് നടപ്പിലാക്കുന്നതുപോലെ റെയിലില്‍ ഓടുന്ന ട്രെയിനുകളാണ് നാറ്റ്പാക്കിന്റെ പരിഗണനയിലുള്ളത്. ടെക്നോസിറ്റി മുതല്‍ ബാലരാമപുരം വരെ നടപ്പിലാക്കുന്ന മോണോറെയില്‍ പദ്ധതിക്ക് 5099 കോടി രൂപയാണ് നാറ്റ്പാക് ചെലവ് പ്രതീക്ഷിക്കുന്നത്. 2013-ല്‍ തുടങ്ങി 2016-ല്‍ ടെക്നോസിറ്റി-തമ്പാനൂര്‍ ഒന്നാംഘട്ടം പണി പൂര്‍ത്തിയാക്കുമെന്നും 2015-ല്‍ തമ്പാനൂര്‍-ബാലരാമപുരം രണ്ടാംഘട്ടം പണി തുടങ്ങാന്‍ കഴിയുമെന്നും നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, വി.എസ്.ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, എന്‍.ശക്തന് എം.എല്‍.എമാരായ കെ.മുരളീധരന്, എം.എ.വാഹിദ്, ആര്.സെല്‍വരാജ്, വര്‍ക്കല കഹാര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് വര്‍മ, ധനകാര്യ സെക്രട്ടറി വി.പി.ജോയ്, കൊച്ചി മെട്രോ എം.ഡി ടോം ജോസ്, നാറ്റ്പാക് സീനിയര്‍ സയന്റിസ്റ്റ് ടോമി സിറിയക് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല