1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2011

ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്ലിന്റെ കരടിലെ നിര്‍ദേശങ്ങള്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ സ്വകാര്യതയോടുമുള്ള വെല്ലുവിളിയാണെന്നു കെസിബിസി അല്മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

രണ്ടു കുട്ടികള്‍ എന്നതു നിര്‍ബന്ധമാക്കുകയും, അതു ലംഘിച്ചാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുകമാത്രമല്ല, പിഴയും ജയില്‍ശിക്ഷയും വേണമെന്നുമാണു ശിപാര്‍ശ. ആയിരം രൂപ പിഴയും മൂന്നു മാസം തടവും മാതാപിതാക്കള്‍ക്കു നല്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നു പ്രചാരണം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണു ബില്ലിലെ മറ്റൊരു ശിപാര്‍ശ. നിരവധി വനിതാസംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് ഇത്തരമൊരു ശിപാര്‍ശ നടത്തിയതെന്നാണു സമിതിയുടെ വെളിപ്പെടുത്തല്‍. അതെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പരിഷ്കരണസമിതിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നിക്ഷിപ്തതാത്പര്യമുള്ള ചിലരോടു മാത്രം ചര്‍ച്ചകള്‍ നടത്തിയാണ് ഏകപക്ഷീയമായി സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കേരളത്തിലെ കത്തോലിക്കാ സഭയെ പാഠം പഠിപ്പിക്കാനും വരുതിയിലാക്കാനുംവേണ്ടി മാത്രം രൂപീകരിച്ച നിയമപരിഷ്കരണ കമ്മിറ്റിയില്‍ നല്കിയിട്ടുള്ള ശിപാര്‍ശകളൊന്നും തന്നെ നിയമിച്ച സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. സമിതി കൊടുത്ത എല്ലാ നിര്‍ദേശങ്ങളും കത്തോലിക്കാ സഭയെയും വിശ്വാസികളെയും പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും വരുതിയില്‍ നിര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നു. മാതാപിതാക്കളുടെ സ്വകാര്യതയ്ക്കും സ്വാതന്ത്യ്രത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വിമന്‍സ് കോഡ് ബില്ല് തള്ളിക്കളയുന്നതോടൊപ്പം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന നിയമപരിഷ്കരണ സമിതിയെ പിരിച്ചുവിടണമെന്നും കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള ബില്ലിന്റെ കരട് തയാറാക്കിയ ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ വിശ്വാസങ്ങള്‍ക്കും ജീവന്റെ മൂല്യങ്ങള്‍ക്കും നേരേ വെല്ലുവിളി ഉയര്‍ത്തുന്നതും മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതുമാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍ പറഞ്ഞു. ദൈവികദാനമായ മക്കള്‍ കുടുംബജീവിതത്തിന്റെ സ്വകാര്യതയുടെ ഭാഗമാണ്. അതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ മാതാപിതാക്കളെ ശിക്ഷിക്കണമെന്നു നിര്‍ദേശിക്കുന്നതും കാടത്തമാണ്. ഇത് ഒരു വിധത്തിലും അനുവദിക്കില്ല.

കുടുംബങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ വേണമെന്നു പ്രചാരണം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന ശിപാര്‍ശ വിലപ്പോവില്ല. ഇതിനുമുമ്പും നിയമപരിഷ്കരണ ശിപാര്‍ശകളിലൂടെ അപവാദങ്ങള്‍ ഏറ്റുവാങ്ങിയ ജസ്റീസ് കൃഷ്ണയ്യര്‍ നിര്‍ദേശിച്ചിരിക്കുന്ന വിമന്‍സ് കോഡ് ബില്ലിലെ നിര്‍ദേശങ്ങള്‍ തള്ളണമെന്നും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി നേരിടുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.