1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരേ മൊഴി. ബേബിയെ വധിക്കാന്‍ നിര്‍ദേശം നല്‍കിയത് എംഎം മണിയാണെന്നാണ് മൊഴി. ബേബി വധക്കേസില്‍ പുനരന്വേഷണം നടത്തുന്ന പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത സിപിഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറി വി.എസ്. മോഹന്‍ദാസാണ് ഇക്കാര്യം അറിയിച്ചത്. സിപിഎം പ്രകടനത്തിനെതിരേ ബോംബെറിഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയതെന്നും മോഹന്‍ദാസിന്റെ മൊഴിയില്‍ പറയുന്നു.

ബേബിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് രാജാക്കാട് ഏരിയ കമ്മിറ്റി ഓഫിസിലാണ്. ഒരു മണിക്കൂര്‍ നീണ്ട ഗൂഢാലോചനയില്‍ എംഎല്‍എ കെകെ ജയചന്ദ്രനും സിപിഎം നേതാവ് ഒജി മദനനും പങ്കെടുത്തിരുന്നുവെന്നും മോഹന്‍ദാസ് കേസ് അന്വേഷിക്കുന്ന സംഘത്തോട് പറഞ്ഞു. മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എംഎം മണി, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ഒജി മദനന്‍, സിപിഎം സംസ്ഥാനസമിതിയംഗം ജയചന്ദ്രന്‍, നിലവിലെ ജില്ലാ കമ്മിറ്റിയംഗം എകെ ദാമോദരന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് രാജാക്കാട് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1982 ഒക്‌ടോബര്‍ 13നാണു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബേബി കൊല്ലപ്പെട്ടത്. രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം കൊലപ്പെടുത്തിയിട്ടുണ്ടെന്ന മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചത്.

ശക്തമായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം കേസില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതുകൊണ്ടു തന്നെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നത് വൈകിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.