സ്വന്തം ലേഖകന്‍: ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് വേട്ടയുടെ മറ പിടിച്ച് സൈന്യം ആദിവാസി സ്ത്രീകളെ വ്യാപകമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 20 നും 24 നും ഇടയ്ക്ക് ഛത്തീസ്ഗഢിലെ നാല്‍പ്പതോളം ആദവാസി സ്ത്രീകളെ സൈന്യം പീഡനത്തിനിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തീസ്ഗഢിലെ ബീജാപൂരിലെ പേഗഡപ്പള്ളി, ചിന്നഗെല്ലൂര്‍, പെഡഗല്ലൂര്‍, ബുര്‍ഗിചെരു, ഗുന്ദാം തുടങ്ങിയ ഗ്രാമങ്ങളിലെ സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. ‘വുമെണ്‍ എഗനിസ്റ്റ് സെക്‌സ്വല്‍ വൈലന്‍സ് ആന്‍ഡ് സ്‌റ്റേറ്റ് റിപ്രെഷന്‍’ എന്ന എന്‍.ജി.ഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
പീഡിപ്പിക്കപ്പെട്ടവരില്‍ പതിനാല് വയസുള്ള പെണ്‍കുട്ടിയും നാല് മാസം ഗര്‍ഭിണിയായിരുന്ന യുവതിയും ഉള്‍പ്പെടുന്നു. സൈനികര്‍ ബലമായി പിടിച്ചുകൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. പലരെയും ബോധം മറയുന്നത് വരെ ഒന്നിലധികം പേര്‍ പീഡിപ്പിച്ചു.
ലൈംഗിക പീഡനത്തിന് പുറമെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായും സ്ത്രീകള്‍ വെളിപ്പെടുത്തി. പലരുടെയും മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യമാണ്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതും വീട്ടുപകരണങ്ങള്‍ തകര്‍ക്കുന്നതും സൈനികരുടെ പതിവാണ്. മാവോയിസ്റ്റുകളില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ ഗ്രാമത്തില്‍ എത്തുന്ന സൈനികരുടെ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല