1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

പ്രത്യേക ലേഖകന്‍

യു കേയിലേക്ക് കുടിയേറിയ രണ്ടാം തലമുറ മലയാളികളുടെ കൂട്ടായ്മയില്‍ ഐക്യത്തിലും അംഗ ബലത്തിലും എന്നും മുന്നില്‍ നിന്ന സംഘടനയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന MMCA.യു കെയിലെ ഇതര മലയാളി സംഘടനകള്‍ക്ക്‌ മാതൃകയാക്കുന്ന ഒരുപിടി കാര്യങ്ങള്‍ ചെയ്തു കൂട്ടുവാന്‍ ദശാബ്ദി പിന്നിടുന്ന ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.മറ്റ് പല മലയാളി കൂട്ടായ്മകളും മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളിലും ഉണ്ടെങ്കിലും MMCA -യോട്‌ കിടപിടിക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞിരുന്നുമില്ല.

എന്നാല്‍ മുന്‍കാലങ്ങളിലെ സംഘടനാ നേതൃത്വത്തിന്‍റെ ഇച്ഛാശക്തിയും നിഷ്പക്ഷമായ പ്രവര്‍ത്തന ശൈലിയും മൂലം നേടിയെടുത്ത MMCA -യുടെ ജനകീയമുഖം പതിയെപ്പതിയെ കൈവിട്ടു പോകുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സ്വജനപക്ഷപാതവും താന്‍പോരിമയും അരങ്ങുവാഴുമ്പോള്‍ കാലങ്ങളായി സംഘടനാ നേതൃത്വം കാത്തുസൂക്ഷിച്ച പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയാണെന്ന സത്യം വിമ്സരിക്കുക വയ്യ.നാനൂറോളം പേര്‍ പങ്കെടുത്തിരുന്ന അസോസിയേഷന്‍ പരിപാടികളിലെ ജനപങ്കാളിത്തം പകുതിയായി കുറഞ്ഞതിന്‍റെ പ്രധാന കാരണം ഇപ്പോഴത്തെ നേതൃത്വത്തിന്‍റെ കഴിവുകേടായി വിലയിരുത്തപ്പെടുന്നു.

ബഹുമാന്യനായ ഉതുപ്പ് ചേട്ടന്‍ അടക്കമുള്ളവര്‍ മാത്രുകാപൂര്‍വം വഹിച്ച നേതൃസ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്നവര്‍ കാണിക്കുന്ന ദീര്‍ഘവീക്ഷണമില്ലായ്മയും ഉപജാപകസംഘത്തിന്‍റെ ഉപദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് MMCA -യെ ഒരു മൂന്നാം കിട സംഘടനയുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്.ദശാബ്ദി വേളയില്‍ ശനിയാഴ്ച നടന്ന ഓണാഘോഷങ്ങള്‍ കുളമായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സംഘടനയിലെ ഉന്നതന് പതിവുപോലെ മറ്റു കമ്മിറ്റി അംഗങ്ങളെ പഴിചാരി ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

വിവാദങ്ങള്‍ മാത്രം സൃഷ്ട്ടിച്ചു കുപ്രസിദ്ധിയാര്‍ജിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ സംഘടനയുടെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചതിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.യു കെയിലെ മലയാളി സമൂഹത്തെ തമ്മിലടിപ്പിച്ച് അവരുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കിയതും പാവപ്പെട്ട നഴ്സുമാരുടെ പിന്‍ നമ്പര്‍ നഷ്ട്ടപ്പെട്ട വാര്‍ത്തകള്‍ NMC സൈറ്റില്‍ നിന്നും കോപ്പിയടിച്ച് ഒന്നാം പേജ് വാര്‍ത്തയാക്കിയതും മാത്രമാണ് ഈ മാധ്യമ കുബുദ്ധി ഇവിടുത്തെ മലയാളി സമൂഹത്തില്‍ നടത്തിയ ക്രിയാത്മക ഇടപെടല്‍.. . യു കെയിലെ ഏതൊരു കുഞ്ഞിനും അറിയാവുന്ന ഈ യാഥാര്‍ത്ഥ്യം തമസ്ക്കരിച്ചുകൊണ്ടും കഴിഞ്ഞ ആഴ്ചകളില്‍ ഇയാള്‍ പങ്കെടുത്ത സംഘടനാ യോഗങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിച്ചും വിവാദ മാധ്യമ പ്രവര്‍ത്തകനെ ക്ഷണിച്ചതിന് പിന്നില്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുക എന്നൊരു ലക്‌ഷ്യം മാത്രമേ കാണുവാന്‍ സാധിക്കൂ.

അതേസമയം നെഗറ്റീവ് പബ്ലിസിറ്റി ആഘോഷമാക്കുന്ന വിവാദ മാധ്യമപ്രവര്‍ത്തകന്‍ അടുത്ത ഇരയായി MMCA -യെ കിട്ടിയ സന്തോഷത്തിലാണ്.സംഘടനയുടെ ഓണാഘോഷം അഞ്ചുകോളം വാര്‍ത്തയില്‍ ഒതുക്കിയ ഇയാള്‍ പത്തു കോളം വാര്‍ത്തയെഴുതിയാണ് സംഘടനയിലെ ഓണാഘോഷ സംഘര്‍ഷം ആഘോഷിച്ചത്.പുലിമടയില്‍ കയറി യുദ്ധം ചെയ്തു എന്നുവരെ ഇയാള്‍ എഴുതിപ്പിടിപ്പിച്ചു.തമ്മിലടി ഉണ്ടാക്കിയെങ്കിലും തന്‍റെ വിവാദങ്ങള്‍ക്ക് കൂട്ടായി MMCA -യെയും അതിന്‍റെ നേതാക്കളെയും കിട്ടിയ സന്തോഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്.ഇതോടെ അറിഞ്ഞുകൊണ്ട് സംഘടനയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുക എന്ന ലക്ഷ്യം നേതൃത്വം ഏറെക്കുറെ നിറവേറ്റി.

മാധ്യമപ്രവര്‍ത്തകരോട് അത്രയ്ക്ക് സ്നേഹമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് സ്വന്തം തട്ടകത്തിലുള്ള മാതൃകാ പത്രപ്രവര്‍ത്തകരായ അലക്സ് കണിയാംപറമ്പിലിനെയോ അസ്സീസിനെയോ ഓണാഘോഷത്തിന് വിളിച്ചില്ല.സ്വന്തം കമ്മിറ്റിയിലെ ഒരു വ്യക്തിയും വിവാദ മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ശത്രുത അറിയാമെന്നിരിക്കെ അറിഞ്ഞുകൊണ്ട് വിവാദം ക്ഷണിച്ചുവരുത്തുകയാണ് MMCA നേതാവ് ചെയ്തത്.ആളില്‍ കുറിയ കമ്മിറ്റിക്കാരന്റെയും കണക്കറിയാത്ത കണക്കപ്പിള്ളയുടെയും താളത്തിനൊത്ത് നേതാവ്‌ തുള്ളിയപ്പോള്‍ തകര്‍ന്നത്‌ വര്‍ഷങ്ങളായി മുന്‍ഗാമികള്‍ പടുത്തുയര്‍ത്തിയ MMCA -യുടെ യശസാണ്.സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സംഘടനയുടെ താല്‍പ്പര്യങ്ങളെ ബലികൊടുത്ത നേതാവിന്‍റെ നിഷ്പക്ഷമതിയെന്ന പൊയ്മുഖവും ഇതോടെ അഴിഞ്ഞുവീണു.

എല്ലാം കമ്മിറ്റിയാണ് തീരുമാനിച്ചത് എന്ന് പറഞ്ഞു കൈകഴുകാറുള്ള നേതാവ് ഒരു കാര്യം മനസിലാക്കുക .താങ്കള്‍ ക്ഷണിച്ചു വരുത്തിയ വിവാദ മാധ്യമപ്രവര്‍ത്തകനും അയാളുമായി പ്രശ്നമുണ്ടാക്കിയ കമ്മിറ്റി അംഗത്തിനും നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല.ഇവര്‍ തമ്മിലുള്ള തമ്മിലടിക്കിടയിലേക്ക് MMCA എന്ന മാതൃകാ സംഘടനയെ വലിച്ചിഴച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം അങ്ങേയ്ക്ക് തന്നെയാണ്.അങ്ങേയ്ക്ക് മാത്രമാണ്.മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ കള്‍ച്ചര്‍ കളഞ്ഞതിനു ശേഷം കയ്യടിക്കുന്ന അങ്ങ് ഒന്നോര്‍ക്കുക ..MMCA -യുടെ ചരിത്രത്തില്‍ അങ്ങയുടെ പേര് അറിയപ്പെടുക 2008 -ല്‍ പുറത്തിറങ്ങിയ ജെഫ്രി നാച്ച്മാനോഫ്‌ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമയുടെ പേരിലായിരിക്കും !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.