1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2012

ലണ്ടന്‍: വിമാനയാത്രക്കാര്‍ക്ക് ഇനി മുതല്‍ വിമാനത്തിലിരുന്നു വീട്ടിലേക്ക് മൊബൈല്‍ഫോണില്‍ സംസാരിക്കാം. ബ്രട്ടീഷ് എയര്‍ലൈന്‍ കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാന്റിക് ആണ് ആദ്യമായി യാത്രക്കാര്‍ക്ക് വിമാനത്തിനുളളില്‍ മൊബൈല്‍ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ലണ്ടനും ന്യൂയോര്‍ക്കിനും ഇടയില്‍ യാത്രചെയ്യുന്നവര്‍ക്കാണ് പുതിയ സൗകര്യം ലഭിക്കുക. വിര്‍ജിന്‍ എയര്‍ലൈനിന്റെ പുതിയ എ330 എന്ന എയര്‍ബസിലാണ് മൊബൈല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുളളത്. യാത്രക്കാര്‍ക്ക് ഫോണ്‍ വിളിക്കുകയും കോളുകള്‍ സ്വീകരിക്കുകയും ചെയ്യുക കൂടാതെ സന്ദേശങ്ങള്‍ അയക്കുക, ജിപിആര്‍എസ് വഴി ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.

മുപ്പത്തിഅയ്യായിരം അടി ഉയരത്തില്‍ വരെ പുതിയ സേവനം ലഭ്യമാണ്. വിമാനത്തില്‍ മുഴുവന്‍ ഈ സൗകര്യം ലഭ്യമാണ്. ഒരു പൗണ്ടാണ് വിമാനത്തില്‍ നിന്ന് വിളിക്കുവാന്‍ ഈടാക്കുന്ന ചാര്‍ജ്ജ്. സന്ദേശങ്ങള്‍ക്ക് 20 പെന്നിയും. സ്ഥിരമായി ദീര്‍ഘദൂര യാത്ര ചെയ്യേണ്ടിവരുന്ന ബിസിനസ്സുകാരെ ഉദ്ദേശിച്ചാണ് പുതിയ സംവിധാനമെന്ന് വിര്‍ജിന്‍ അധികൃതര്‍ പറഞ്ഞു. ഒരേ സമയം 10 പേര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കുവാനാകും.

2012 അവസാനത്തോടെ വിര്‍ജിന്റെ ബോയിംഗ് 747 വിമാനത്തിലുള്‍പ്പെടെ 20 വിമാനങ്ങളില്‍ പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരും. ഒപ്പം ഫസ്റ്റ് ക്ലാസ്സ് യാത്രക്കാര്‍ക്കായി സ്മാര്‍ട്ട് ഫോണോ യുഎസ്ബിയോ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന ടെക്‌നോളജി ഹബ്ബും ഉടന്‍ സ്ഥാപിക്കും. എയ്‌റോ മൊബൈലാണ് പുതിയ സംരംഭത്തില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ പങ്കാളികള്‍. നിലവില്‍ 02വിന്റേയും വൊഡാഫോണിന്റേയും വരിക്കാര്‍ക്ക് മാത്രമാണ് പുതിയ സംവിധാനം ഉപയോഗിക്കുവാന്‍ കഴിയുക. പികോസെല്‍ എന്നു പേരിട്ടിരിക്കുന്ന ബേസ് സ്‌റ്റേഷന്‍ വഴിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

പുതിയ സംവിധാനത്തെ ബിസിനസുകാരും മറ്റും സ്വാഗതം ചെയ്തുകഴിഞ്ഞു. എന്നാല്‍ ശബ്ദമലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. വിമാനം പോലെ ഇടുങ്ങിയ ഒരു സ്ഥലത്ത് ആളുകള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ഇവരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.