പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡ് കമ്പനികളെപ്പോലെയാകരുതെന്ന് ഹൈക്കോടതി. വായ്പകള്‍ക്കായി ഈടുവച്ച ഭൂമി വന്‍തുകയ്ക്കു മറിച്ചു വില്‍ക്കുന്ന ജോലി ബാങ്കുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്കു മിതമായ നിരക്കില്‍ വായ്പ കൊടുക്കുകയാണു ജോലിയെന്നും ഡിവിഷന് ബെഞ്ച്. തിരുവനന്തപുരം തമ്പാനൂര്‍ ഗായത്രി ഭവനില്‍ ആര്. ശോഭന നല്കിയ അപ്പീലിലാണു ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായരും സി.കെ. അബ്ദുള്‍ റഹിമുമടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അധികാര വും സ്വാധീനവും ഉള്ളവരുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ വായ്പ എഴുതിത്തള്ളുമ്പോള്‍ നിസാര തുക വായ്പയെടുത്ത പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും മേല്‍ ബാങ്കുകള്‍ റിക്കവറി നടപടികള്‍ എടുക്കുകയാണെന്നു കോടതി. 1979ലാണു തിരുവനന്തപുരം തമ്പാനൂര്‍ ഗായത്രി ഭവനില്‍ തമ്പിരാജ് എസ്ബിടിയുടെ ചാല ബ്രാഞ്ചില്‍ നിന്നു 15000 രൂപ വായ്പയെടുത്തത്. കുടിശികയായപ്പോള്‍ 1984ല്‍ ബാങ്ക് 19,500 രൂപയ്ക്കു റിക്കവറി നടപടികള്‍ ആരംഭിച്ചു. ഈടായി നല്‍കിയിരുന്ന നഗരത്തിലെ രണ്ടുനിലക്കെട്ടിടം ജപ്തി ചെയ്തു. വാണിജ്യ സ്ഥാപനമായിരുന്നതിനാല്‍ രണ്ടു വര്‍ഷംകൊണ്ട് വാടകയായി ലഭിച്ച 19,500 രൂപയും ബാങ്ക് വായ്പയിലേക്കു വരവു വെച്ചു. അടച്ച തുക മുതലിനെയും പലിശയെയും അധികരിച്ചിട്ടും കെട്ടിടം വിട്ടുകൊടുക്കാന്‍ ബാങ്ക് തയാറായില്ല. തുടര്‍ന്നു തമ്പിരാജ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു.
മുതലും പലിശയും കുടിശിക വന്നപ്പോള്‍ റിക്കവറി നടത്തിയ കെട്ടിടം നിയമപ്രകാരം ബാങ്കിന്റേതാണെന്നും അതു വില്‍ക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നും ബാങ്ക് കോടതിയില്‍ വാദിച്ചു. കേസ് നിലനില്‍ക്കെ ഹര്ജിക്കാരന് മരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ബാങ്കിന് അനുകൂലമായപ്പോള്‍ ഹര്‍ജിക്കാരന്റെ ഭാര്യ ശോഭനയും മക്കളായ അനു, സോഫിയ, റോയ് എന്നിവരും ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ബാങ്കിനു ലഭിച്ച ലാഭത്തിന്റെ ഒരു ശതമാനം ശോഭനയ്ക്കും മക്കള്‍ക്കും നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതുപ്രകാരം 6.5 ലക്ഷം രൂപ ബാങ്ക് നല്‍കണം, ശോഭനയ്ക്കു രണ്ടു ലക്ഷവും മക്കള്‍ക്ക് ഒന്നര ലക്ഷം വീതവും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല