1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2016

സ്വന്തം ലേഖകന്‍: നേതാജിയുടെ തിരോധാനം സംബന്ധിച്ച 100 ഓളം ഫയലുകള്‍ പരസ്യമാക്കി കേന്ദ്ര സര്‍ക്കാര്‍, നടപടി നേതാജിയുടെ 119 മത്തെ ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി. വിവിധ മന്ത്രാലയങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ നാഷണല്‍ ആര്‍ച്ചീവ്‌സ് ഓഫ് ഇന്ത്യ (എന്‍.എ.ഐ)ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയിരുന്നു. ഈ രേഖകളാണ് പരസ്യപ്പെടുത്തുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

എന്‍.എ.ഐ ആസ്ഥാനത്ത് നേതാജിയുടെ കുടുംബാംഗങ്ങള്‍ കൂടി പങ്കെടുത്ത ചടങ്ങിലാണ് ഫയലുകള്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രിമാരായ മഹോഷ് ശര്‍മ്മയും ബബുള്‍ സുപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് അരമണിക്കൂറോളം എന്‍.എ.ഐ ആസ്ഥാനത്ത് ചെലവഴിച്ച മോഡിയും മന്ത്രിസഭാംഗങ്ങളും നേതാജിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനും സമയം കണ്ടെത്തി.

നേതാജിയുടെ തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ രേഖകള്‍ പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒക്‌ടോബര്‍ 14ന് നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാന മന്ത്രിയുടെ ഓഫീസ്, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ എന്നിവയുടെ കൈവശമുണ്ടായിരുന്ന രഹസ്യ ഫയലുകളില്‍ ഒരു ഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തുന്നത്. ഇതിനു പുറമേ ഓരോ മാസവും നേതാജിയുമായി ബന്ധപ്പെട്ട 25 ഡിജിറ്റര്‍ ഫയലുകളുടെ പകര്‍പ്പുകള്‍ വീതം പരസ്യപ്പെടുത്താനും എന്‍.എ.ഐ തീരുമാനിച്ചിട്ടുണ്ട്.

2015 സെപ്തംബര്‍ 18ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന 64 ഫയലുകള്‍ പുറത്തുവിട്ടിരുന്നു. നേതാജി 1945 ഓഗസ്റ്റില്‍ വിമാനപകടത്തില്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുന്നില്ലെന്നും മമത രേഖ പരസ്യപ്പെടുത്തിയ ചടങ്ങില്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കൈവശമുള്ള രേഖകള്‍ പുറത്തുവിട്ട് തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.