1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2022

സ്വന്തം ലേഖകൻ: നിരവധി പ്രതികൂല ഘടകങ്ങള്‍ മൂലം എന്‍എച്ച്എസിന്റെ ചരിത്രത്തിലെ മോശം ഏറ്റവും വിന്റര്‍ ആയിരിക്കും ഇക്കുറിയെന്ന് മുന്നറിയിപ്പ്. എ&ഇ പ്രതിസന്ധി, വൈകുന്ന ആംബുലന്‍സുകളും, ബെഡ് ക്ഷാമം , ഗുരുതര സ്റ്റാഫിംഗ് പ്രതിസന്ധി എന്നിവയെല്ലാം തിരിച്ചടിയാണ്. ഇതിനു പുറമെയാണ് നഴ്‌സുമാരുടെ സമരവും വരുന്നത്.

ആംബുലന്‍സുകള്‍ ‘വാര്‍ഡ് ഓണ്‍ വീല്‍സ്’ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ചയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിയ രോഗികളില്‍ മൂന്നിലൊന്ന് പേരും- 23,999, ചുരുങ്ങിയത് അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. എ&ഇയ്ക്ക് 15 മിനിറ്റിനുള്ളില്‍ കൈമാറണമെന്ന നിബന്ധനയുള്ളപ്പോഴാണിത്.

എന്‍എച്ച്എസ് ഡിജിറ്റല്‍ കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 133,000 റെക്കോര്‍ഡ് വേക്കന്‍സികളാണുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ഏഴില്‍ ഒരു ബെഡ് വീതം ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആരോഗ്യം നേടിയ രോഗികളാണ് കൈയടക്കി വെച്ചിരിക്കുന്നത്. പ്രതിദിനം 13,364 എന്ന ശരാശരിയിലാണിത്.

‘കഴിഞ്ഞ ആഴ്ചയില്‍ യുകെയില്‍ ഏകദേശം 900 അധിക മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ടെങ്കിലും അടിയന്തര, എമര്‍ജന്‍സി കെയറിലെ പ്രതിസന്ധികളാണ് പ്രധാന കാരമമെന്നാണ് കരുതുന്നത്’, റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. അഡ്രിയാന്‍ ബോയല്‍ ബിബിസി റേഡിയോ 4-ല്‍ പറഞ്ഞു.

ഒരു കൊടുങ്കാറ്റാണ് എന്‍എച്ച്എസ് കാത്തിരിക്കുന്നതെന്ന് ഈ കണക്കുകള്‍ പറയുന്നു. ഈ വിന്റര്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുമെന്ന് പ്രവചിച്ച് കഴിഞ്ഞു, എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് വ്യക്തമാക്കി. ആംബുലന്‍സ് കാത്തിരിപ്പ് കുറയ്ക്കാനുള്ള പദ്ധതികളുമായി എന്‍എച്ച്എസിനെ ഉടന്‍ കാണുമെന്ന് പ്രധാനമന്ത്രി സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് ജീവനക്കാർ ശമ്പള വർധനവിനായി സമരം പ്രഖ്യാപിച്ചു. ജീവനക്കാരുടെ യൂണിയനുകളായ യൂണിസണും ജിഎംബിയും നടത്തിയ ബാലറ്റിൽ സമരത്തിന് അനുകൂല നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. പാരാമെഡിക്സും കോൾ സെന്റർ ജീവനക്കാരും ഉൾപ്പെടുന്ന 10 ആംബുലൻസ് സർവീസുകൾ സമരത്തിൽ പങ്കെടുക്കും. ഡിസംബറിൽ ക്രിസ്മസിന് മുൻപു തന്നെ സമരം ആരംഭിക്കുമെന്നാണു യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

റോയൽ കോളജ് ഓഫ് നഴ്സിങ്‌ യൂണിയന്റെ അംഗങ്ങളായ ഒരു ലക്ഷത്തോളം നഴ്സുമാർ ഡിസംബർ 15, 20 തീയതികളിൽ സമരം നടത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആംബുലൻസ് ജീവനക്കാരും സമരത്തിലേർപ്പെടുമ്പോൾ യുകെയിലെ ആരോഗ്യ മേഖല സ്തംഭിക്കുന്നതിനു കാരണമാകും. ഇത്തരമൊരു സാഹചര്യത്തിൽ എന്‍എച്ച്എസ് തകരാതെ സംരക്ഷിക്കാന്‍ സൈന്യത്തെ രംഗത്തിറക്കാൻ ഗവണ്‍മെന്റ് അടിയന്തര പദ്ധതി വിഭാവനം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്‌. ആംബുലന്‍സ് ഓടിക്കാനും ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റല്‍ റോളുകളിലും സൈനികര്‍ എത്തിച്ചേരുമെന്നാണു റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.