1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2012

എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളി. ബുധനാഴ്ചയാണ്‌ പി.ജയരാജനെ ഐപിസി 118-ാ‍ം വകുപ്പ്‌ ചേര്‍ത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കിയ ജയരാജനെ 14 ദിവസത്തേക്ക്‌ കോടതി റിമാന്റ്‌ ചെയ്യുകയായിരുന്നു.

പ്രധാനമായും മൂന്ന്‌ കാരണങ്ങളാണ്‌ ജാമ്യം നിഷേധിക്കാന്‍ കോടതി ചൂണ്ടിക്കാട്ടിയത്‌. ജയരാജന്റെ അറസ്റ്റിന്‍ തുടര്‍ന്ന്‌ കണ്ണൂര്‍ ജില്ലയ്ക്കകത്തും പുറത്തും വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയതായി പ്രോസിക്യൂഷന്‍ സൂചിപ്പിച്ചു. ഏകദേശം 152ലധികം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.ജയരാജന്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവാണ്‌. അതുകൊണ്ട്‌ തന്നെ അന്വേഷണത്തെ സ്വാധീനിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനുമുള്ള സാധ്യതയുണ്ട്‌. സെഷന്‍സ്‌ കോടതിയാണ്‌ ഷുക്കൂര്‍ വധക്കേസ്‌ പരിഗണിക്കുന്നത്‌. അതുകൊണ്ട്‌ ഈ കോടതിക്ക്‌ ജാമ്യം നല്‍കാനാവില്ലെന്നും മജിസ്ട്രേറ്റ്‌ സി.മുജീബ്‌റഹ്മാന്‍ പറഞ്ഞു. ജയരാജന്റെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച രണ്ട്‌ മണിക്കൂര്‍ നീണ്ട വാദപ്രതിവാദം നടന്നിരുന്നു.

കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന്‌ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധരന്‍ വാദിച്ചു. പി.ജയരാജന്‌ കൊലപാതകത്തില്‍ പങ്കില്ലെന്ന്‌ പറയാനാവില്ല. കേസില്‍ പ്രതികളായ സുരേഷ്ബാബുവും എ.വി.ബാബുവും ആശുപത്രിയില്‍ ജയരാജന്റെ മുറിയില്‍ പോയിരുന്നു.

ജയരാജനെയും ടി.വി.രാജേഷ്‌ എംഎല്‍എയെയും ആക്രമിച്ചവരെ കൈകാര്യം ചെയ്യാന്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണു പറഞ്ഞത്‌ ഇരുനേതാക്കളും കേട്ടുവെന്നും അത്‌ തടയാന്‍ ഇവര്‍ ശ്രമിച്ചില്ലെന്നുമാണ്‌ കേസ്‌. കേള്‍വിക്കുറവുള്ള ആളാണ്‌ ജയരാജനെന്ന്‌ പ്രതിഭാഗം വാദിച്ചു. ജയരാജനെ ശാരീരിക പ്രശ്നങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ജയരാജന്റെ അഭിഭാഷകന്‍ ബി.പി.ശശീന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചില്ല. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്ന്‌ അഡ്വ.ബി.പി.ശശീന്ദ്രന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.