1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

വേതന പരിഷ്‌കരണം, ജോലിഭാരം കുറയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എറണാകുളം ലേക് ക്ഷോര്‍ ആശുപത്രിയിലും നേഴ്സുമാര്‍ നടത്തി വരുന്ന സമരം തുടരുന്നു. പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘനകളും പൊതുജനങ്ങളും എത്തുന്നുണ്ട്. അതേസമയം സമരം ചെയ്യുന്ന നെഴ്സുമാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ രംഗത്തെത്തി.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു വിഭാഗം നഴ്സുമാര്‍ നടത്തുന്ന സമരത്തിനു പിന്നില്‍ ബാഹ്യശക്തികളുടെ സ്വാധീനമുണ്ടെന്നു മാനേജ്മെന്റ് സെക്രട്ടറി ജോയ് പി. ജേക്കബ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന സമരം അന്യായമാണ്. സമരക്കാര്‍ ഉന്നയിച്ച 19 ആവശ്യങ്ങളില്‍ പതിനെട്ടും മാനേജ്മെന്റ് അംഗീകരിച്ചു.

അവശേഷിക്കുന്ന ഒരാവശ്യം പരിഗണിക്കുന്നതിനു പത്തുദിവസത്തെ സാവകാശം അനുവദിക്കണമെന്ന നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചില്ല. നിയമവിരുദ്ധമായാണ് ആശുപത്രിയില്‍ സമരം നടക്കുന്നത്. നഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗീകൃത സംഘടനയല്ല.

ആശുപത്രിയിലെ ആയിരത്തോളം വരുന്ന സ്ഥിരം ജീവനക്കാര്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനവും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നല്കുന്നുണ്ട്. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുക പ്രതിമാസ ശമ്പളമായി ആവശ്യപ്പെടുന്ന സമരക്കാരുടെ നിലപാട് അംഗീകരിക്കാനാവില്ല. ജീവനക്കാര്‍ക്ക് ഇനിയും ശമ്പളവര്‍ധന നടപ്പിലാക്കിയാല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ ചികിത്സാച്ചെലവ് വര്‍ധിപ്പിക്കേണ്ടിവരും. മാനേജ്മെന്റ് നല്കിയ വാഗ്ദാനങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ പ്രതിവര്‍ഷം നാലു കോടി രൂപയോളം അധികം രോഗികളില്‍ നിന്ന് ഈടാക്കേണ്ടിവരും.

സമരക്കാര്‍ക്കെതിരേ യാതൊരു നടപടികളും സ്വീകരിക്കില്ല. 41 വര്‍ഷമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയെ കളങ്കപ്പെടുത്താനും രോഗികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിപ്പിക്കാനും മാത്രമേ ഇപ്പോഴത്തെ സമരം പ്രയോജനപ്പെടുകയുള്ളുവെന്നും ആശുപത്രി അധികൃതര്‍ ആരോപിക്കുകയുണ്ടായി.

അതേസമയം ഒരു വിഭാഗം നഴ്സിംഗ് ജീവനക്കാര്‍ നടത്തിവരുന്ന സമരം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു ലേക്ഷോര്‍ ആശുപത്രി എംഡി ഡോ. ഫിലിപ് അഗസ്റിന്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ചിരിക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ് നിയമ പ്രകാരമുള്ള സംഘടനയായിട്ടാണു രജിസ്റര്‍ ചെയ്തിട്ടുള്ളതെന്നാണു മനസിലാക്കുന്നത്. ഇത്തരം സംഘടനയ്ക്ക് സമരത്തിനു നോട്ടീസ് നല്കാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്കു നല്കുന്ന സ്ഥാപനമാണു ലേക്ഷോര്‍. ഇതു മനസിലാക്കിയ സ്ഥിതിക്ക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് അധികൃതര്‍ ഉറപ്പു നല്കിയിട്ടുണ്ടെന്നും ഡോ. ഫിലിപ് അഗസ്റിന്‍ പറഞ്ഞു.

മുഖ്യധാര പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ സമരത്തെ അനുകൂലിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. പുറത്തു നിന്നെത്തിയിട്ടുള്ളവരാണു സമരംഗത്തുള്ളവരില്‍ ഏറെപ്പേരും. സമരക്കാര്‍ ഒന്നു രണ്ടു രോഗികളെ ഭീഷണിപ്പെടുത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആശുപത്രിക്കും രോഗികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കും.

പോലീസ് ഇതിനകം തന്നെ സ്ഥലത്ത് എത്തിയിട്ടുണ്ട്. സമരക്കാരുടെ ആവശ്യങ്ങളെ ന്യായീകരിക്കുന്ന നിയമപരമായ ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രി പതിവുപോലെ തന്നെ പ്രവര്‍ത്തിച്ചു. 900ത്തില്‍പരം പേര്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തി. മുന്‍ നിശ്ചയ പ്രകാരം 15 ഓപ്പറേഷനുകളും നടത്തി. ഐസിയു അടക്കം എല്ലാ വിഭാഗങ്ങളും പതിവുപോലെ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്നലെ രാവിലെ ആരംഭിച്ച സമരത്തെ പി.സി. വിഷ്ണുനാഥ് എംഎല്‍എ അടക്കമുള്ള വിവിധസംഘടനാ പ്രതിനിധികള്‍ അഭിവാദ്യം ചെയ്തതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായാണു സമരം ഉദ്ഘാടനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.