1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2011

യൂദാസിന്റെ മനസ് വെച്ച് സാത്താന്റെ വചനങ്ങള്‍ പറയുന്ന പാപിയായ പുണ്യവാളനെന്നു ജോര്‍ജച്ചായന്‍ വിളിച്ചപ്പോള്‍ അങ്ങേര്‍ക്കു ഇങ്ങനെയോക്കെയാകുമെന്നു അഞ്ച് വര്‍ഷം ഭരിച്ചപ്പോള്‍ പീഡനക്കേസില്‍ ഒരു തുമ്പും ഇണ്ടാക്കാന്‍ പറ്റാതെ കസേരയില്‍ നിന്നെഴുന്നെറ്റപ്പോള്‍ കേസുകെട്ടുകളുമായി നടക്കാനിറങ്ങിയ അച്ചുമാമ പോലും കരുതികാണില്ല. പി സി ജോര്‍ജ് വിപ്പായത്, ആര്‍ക്കൊക്കൊയെ വെച്ചൊരു ആപ്പായല്ലോ എന്നാണിപ്പോള്‍ തോന്നുന്നത്.ബോബനും മോളിയും കാര്‍ട്ടൂണിലെ ചേട്ടന് കിട്ടിയ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലെയാണ് ഇതെന്ന് പറയുന്നവരുമുണ്ട്. വായിലൊരു ചാട്ടയും കൊടുത്തു ആരാണാവോ ജോര്ജ്ജച്ചായനെ നാക്കിനു എല്ലില്ലാത്ത നേതാക്കന്മാര്‍ക്കിടയിലേക്ക് ഒന്നാം സ്ഥാനം കയ്യടക്കാന്‍ ഇറക്കി വിട്ടത്? അട്ടയ്ക്കു കണ്ണും കുതിരയ്ക്കു കൊമ്പും കിട്ടിയതുപോലത്തെ തൊന്തരവാണ് ഈ ചേട്ടന്റെ കൈയിലെ ചാട്ട.

ജോര്‍ജുചേട്ടന്‍ ചാട്ട ചുഴറ്റി ആളെ വെറുതെ പേടിപ്പിക്കുയേ പാടുള്ളൂ എന്നതാണ് നിയമപരമായി ശരി. എന്നാലോ നമ്മുടെ അച്ചായന്‍ ചാട്ട വീശി രസിക്കുകയാണ്. ആര്‍ക്കൊക്കെ കൊള്ളുന്നുവെന്നോ, പഴഞ്ചന്‍ സിനിമകളിലെ ഒരുതരം ചാട്ടവീശലിനെ അനുസ്മരിപ്പിക്കും വിധം ചാട്ടയുടെ തുഞ്ച് ഒടുക്കം തന്നെത്തന്നെയാണോ വന്നു ചുറ്റുന്നത് എന്നോ ഈ ചാട്ടച്ചേട്ടനു നോട്ടമില്ല. ലക്കില്ല, ലഗാനില്ല, ബെല്ലില്ല, ബ്രേക്കില്ല, കണ്ണില്ല, കണ്ണേറില്ല…. വീശോടുവീശാണ്, വീശട്ടങ്ങനെ വീശട്ടെ!!

അഞ്ച് വര്‍ഷം ഇരുന്ന കസേരയില്‍ നിന്നെഴുന്നേറ്റപ്പോള്‍ കിട്ടി തുടങ്ങിയതാണ്‌ അച്ച്മാമയ്ക്ക് ചന്തിക്കിട്ട് ചാട്ടയടി, അത് പോട്ടെയെന്നു വയ്ക്കാം, പി.ജെ ജോസഫ് വരെ ഈ സന്ദേശമില്ലാത്ത എസ്എംഎസ് ചാട്ടയില്‍ ചന്തിതടവി മാറുകയാണ്. ജോര്‍ജ്ജിനോട്‌ സേവനം മതിയാക്കിക്കൊള്ളാന്‍ പിണറായി സഖാവ്‌ പറഞ്ഞ്‌ കാലം കുറേ കഴിഞ്ഞാണ്‌ എല്‍ഡിഎഫില്‍ നിന്ന്‌ വിആര്‍എസ്‌ എടുക്കാന്‍ ജോസഫ്‌ തീരുമാനിച്ചത്‌. പക്ഷേ, അതിനിടയില്‍ ജോര്‍ജ്ജ്‌ മാണിസാറുമായുള്ള വഴക്കൊക്കെ അവസാനിപ്പിച്ച്‌ അഗാധ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു.

നിയമസഭയ്‌ക്കകത്ത്‌ പാലാ മെമ്പര്‍ എന്നു മാത്രവും പുറത്ത്‌ ഒന്നും വിളിക്കാതെയുമായിരുന്നല്ലോ കുറേക്കാലത്തെ ശീലം. അതൊക്കെയങ്ങ്‌ മാറ്റിയെന്നു മാത്രമല്ല, മാണി സാര്‍ എന്നു വിളിക്കാത്തവരെ തല്ലുമെന്നുവരെയായി. തന്നെ മന്ത്രിയാക്കാത്ത, ചവുട്ടി പുറത്താക്കിയ ഇടതുഭരണം അവസാനിക്കുമെന്നും യുഡിഎഫ്‌ വരുമെന്നുമുള്ള കാര്യത്തില്‍ സംശയമേതുമുണ്ടായിരുന്നുമില്ല. യുഡിഎഫ്‌ വന്നാല്‍ മാണി സാറ്‌ മന്ത്രി, താനും മന്ത്രി ആഹഹ! ആ സുന്ദര മോഹനകാലത്തെക്കുറിച്ച്‌ ചിന്തകളില്‍ മുഴുകി ജീവിച്ചുവരുന്ന കാലത്താണ്‌ ജോസഫ്‌ കുറ്റീം പറിച്ച്‌ ഇങ്ങോട്ടുപോന്നത്‌. ദേ കിടക്കുന്നു ടിം!

അതോടെ തന്നെ മനസില്‍ മലയിടിഞ്ഞു വീണിരുന്നു. ലയനശേഷമുള്ള കേരള കോണ്‍ഗ്രസിന്റെ ഏക വൈസ്‌ ചെയര്‍മാന്‍ സ്ഥാനം ഉറപ്പുവരുത്തി. യുഡിഎഫിന്‌ പത്തുനൂറ്‌ സീറ്റു കിട്ടുമെന്നും അതില്‍ ഒരു പത്തുപന്ത്രണ്ട്‌ എണ്ണമെങ്കിലും നമുക്കായിരിക്കുമെന്നുമായിരുന്നല്ലോ പ്രതീക്ഷ. അത്‌ പൊളിഞ്ഞു പോയതോടെയാണ്‌ കാര്യങ്ങള്‍ എസ്‌എംഎസ്‌ വിവാദത്തോളമെത്തും വിധം വഷളായത്‌. ഇപ്പോഴിതാ ദിവസം ഒരാളെയെങ്കിലും ചാട്ടകൊണ്ടു ചീട്ടുകീറി വീഴ്ത്തിയില്ലെങ്കില്‍ രാത്രി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാമെന്നല്ലാതെ ഉറങ്ങാനാവില്ലെന്ന നിലയിലേക്കായിരിക്കുന്നു കാര്യങ്ങള്‍. ഇതിനിടെ രണ്ടു കോടതികള്‍ രണ്ടുദിവസങ്ങളായി അച്ചായന്‍ കോടതിയിലെത്തണമെന്നു കല്പിച്ചു. ചാട്ടയുമായെത്തി കോര്‍ട്ടലക്ഷ്യം വകവയ്ക്കാതെ ചാട്ടവീശിയാലോ എന്നു പേടിച്ച് ബഹുമാനപ്പെട്ട കോടതി അച്ചായന്‍ നേരിട്ടുവരണ്ട, പകരക്കാരനെ അയച്ചാല്‍ മതിയെന്നും പറഞ്ഞു.

അച്ചായന്റെ ചാട്ടയിത്തവണ പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജിയുടെ നേര്‍ക്കാണ്. ഇരിക്കപ്പൊറുതിയില്ലാതെ ഒടുവില്‍ നമ്മുടെ പാവം ജഡ്ജിക്ക് എണീറ്റ്‌ പോകേണ്ടി വന്നു എന്നാ ചെയ്യാനാ എണീറ്റപ്പോള്‍ തന്നെ കിട്ടിയില്ലേ ജോര്‍ജ്ജച്ചായന്റെ അടുത്ത ചാട്ടയടി ചന്തിക്ക്, പിന്മാറ്റത്തിന് പിന്നില്‍ പിണഞ്ഞുകിടക്കുന്നത് പരമമായ കുറ്റബോധമാണത്രെ! ജോര്‍ജ്സാര്‍ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് നാവില്ലാത്ത നമ്മള്‍ ജനങ്ങള്‍ വിശ്വസിച്ചേ പറ്റൂ, ബൈബിള്‍ നന്നായി പഠിച്ച ആളായതിനാല്‍ കുറ്റബോധം, പാപബോധം എന്നിവയുടെ സുപ്രീംകോടതി അങ്ങേരല്ലേ ആകൂ.

ജഡ്ജിയുടെ പിന്മാറ്റത്തിന് പിന്നിലെ രാഷ്ട്രീയ സമ്മര്‍ദത്തെക്കുറിച്ചാണ് യഥാര്‍ഥത്തില്‍ അന്വേഷിക്കേണ്ടതെന്നും നമ്മുടെ അച്ചായന്‍ ആവശ്യപ്പെടുന്നു. ജഡ്ജിയെ മാത്രം ചാട്ട ചുഴറ്റി വീഴ്ത്തുകയല്ല ജോര്‍ജ് ചെയ്യുന്നത് ഒപ്പം തന്നെ, ആനത്തലവട്ടം ആനന്ദനെയും അദ്ദേഹം ആക്രമിക്കുന്നു. ആനന്ദനെങ്ങനെ ഈ ജഡ്ജിപിന്മാറ്റം തലേന്നേ അറിഞ്ഞു എന്നാണ് ജോര്‍ജച്ചായന്‍ ആശ്ചര്യം കൂറുന്നത്. ഇത് സാമാന്യബുദ്ധിയുള്ളവന്റെ മുന്‍ധാരണമാത്രമാണെന്നാണ് ആനന്ദന്‍ തിരിച്ചടിച്ചത്. അപ്പോഴാണൊരു ചോദ്യം വരിക. സിപിഎമ്മില്‍ ഈ സാമാന്യബുദ്ധി ആനത്തലയോളം ബുദ്ധിയുള്ള ഈയൊരാള്‍ക്കു മാത്രമേയുള്ളുവോ. ആ ചോദ്യച്ചാട്ടയേതായാലും ജോര്‍ജ് സാര്‍ വീശിയില്ല.

ജഡ്ജീപിന്മാറ്റം ബാലെയ്ക്കു പിന്നില്‍ സി.പി.എം ഒരു സമ്മര്‍ദവും കാണുന്നില്ലെന്നതു പക്ഷേ, ജോര്‍ജച്ചായന്റെ മീശയെയും ചാട്ടയെയും വിറപ്പിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിയുടെ സമ്മര്‍ദത്തെക്കുറിച്ച് പറയാന്‍ ആരുമില്ലേ? രക്തസമ്മര്‍ദ്ദമളക്കാന്‍ ഡോക്ടറില്ലേ? അദ്ദേഹത്തിന്റെ കൊളസ്ട്രോള്‍ എത്രയാണ്? എന്നൊക്കെയാണ് അച്ചായന്‍ വിളിച്ചുകൂവുന്നത്. ജഡ്ജിയുടെ പിന്മാറ്റം വന്ന് അര മണിക്കൂറിനകം സി.പി.എം നേതാക്കള്‍ തന്റെ രാജി ആവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നെന്നും ആരൊക്കെ തമ്മിലാണ് ഗൂഢാലോചന നടത്തിയതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും സുപ്രീംകോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് തനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചതെന്നും ജോര്‍ജ് പറയുന്നത്.

ഒരു ചാട്ട കൈയിലുണ്ടെങ്കില്‍ അതെപ്പോഴും വീശരുത് എന്ന് ജോര്‍ജ് സാര്‍ നമ്മെ മാതൃക കാട്ടി മനസ്സിലാക്കിക്കുന്നു. ജോര്‍ജ് സാര്‍ നല്ലവനാണ്, ഈ ലോകര്‍ക്കെല്ലാം വേണ്ടപ്പെട്ടവനാണ്. അച്ചുമാമയ്ക്ക് പോലും പാപിയെങ്കിലും പുണ്യവാളന്‍ തന്നെയാണ്, ജനങ്ങള്‍ക്കായി സത്യം വിളിച്ചുപറയുന്നവനും അങ്ങനെ വിളിച്ചുപറയാന്‍ വേണ്ട, അന്നത്തേക്കുള്ള സത്യം കിട്ടിയില്ലെങ്കില്‍ ആളെവിട്ട് സത്യം ഉണ്ടാക്കിയെങ്കിലും പറയുന്ന പച്ചപ്പരമാര്‍ത്ഥനുമാണ്.

പക്ഷേ, കാള പെറ്റെന്ന് കേട്ടാല്‍ മതി, ചാട്ടവീശിക്കളയും. ഈച്ചയെക്കൊല്ലാന്‍പോലും ചാട്ടവീശുന്ന ഈ വീശലിലാണ് ആശാനേ നിങ്ങള്‍ ആയംതെറ്റി വീണുപോകുന്നതെന്നു പറഞ്ഞുകൊടുക്കാന്‍ ആരുമില്ല. അതെങ്ങനെ? ചാട്ടവട്ടത്തിനകത്തുകടക്കാന്‍ ആരാല്‍ കഴിയും? ചീഫ്‌ വിപ്പ്‌ സ്ഥാനം പോകുമോ എന്നൊന്നും ഉറപ്പില്ല.

അതെ, ഓരോരോ വിനകള്‍ വരുന്ന വഴി? അത്‌ ആരെ, എപ്പോള്‍ വീഴ്‌ത്തുമെന്ന്‌ ആര്‍ക്കറിയാം. ജോസഫിനു വെച്ചത്‌ ജോര്‍ജ്ജിനു കൊണ്ടു എന്നൊരു പുതുചൊല്ല്‌ ഉണ്ടാകുമോ. അതോ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്നാകുമോ അത്‌. അടിതെറ്റിയാല്‍ ജോര്‍ജ്ജും വീഴും എന്നുമാകാം. അവസാനമൊരു ഗാനത്തില്‍ അവസാനിക്കുമോ എന്തോ, അടവുകള്‍ പതിനെട്ടും പയറ്റിയ കാലം, അത് കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം.. ജോര്‍ജ്കുട്ടീ വിട്ടോടാ

വാല്‍ക്കഷണം

ഈ പൂഞ്ഞാര്‍ പുലിയെ എത്രകാലം സഹിക്കാന്‍ മാണി സാറിനാവും ? കേരള കോണ്‍ഗ്രസ് ബ്രാക്കറ്റുകളുടെ എണ്ണം കൂടുമോ ..അതോ പൂഞ്ഞാര്‍ മണ്ഡലം കോണ്‍ഗ്രസിന് കൊടുക്കേണ്ടി വരുമോ ? തൊടുപുഴയില്‍ പാലിച്ച കീഴ്വഴക്കം പൂഞ്ഞാറില്‍ തെറ്റിക്കാന്‍ പറ്റുമോ ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.