1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികളുടെ മഹാനിധി സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ (എ) യിലെ കണക്കെടുപ്പ് തുടങ്ങി. എ നിലവറ നേരത്തെ തുറന്നു പരിശോധിച്ചിരുന്നെങ്കിലും മൂല്യനിര്‍ണയം നടത്തിയിരുന്നില്ല. തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ സീല്‍ചെയ്ത നിലവറ തുറന്നു കൊടുത്തു. പിന്നീട് നിലവറയുടെ ചുമതല സമിതി ഏറ്റെടുത്തു.
ഇരുമ്പിലെയും ഈട്ടിത്തടിയിലെയും രണ്ട് വാതിലുകള്‍ തുറന്ന് കല്ലുകൊണ്ടുള്ള അടപ്പ് മാറ്റിയാണ് എ നിലവറയ്ക്കകത്തേക്ക് കടക്കുന്നത്. വായു സഞ്ചാരം കുറവാണെന്ന സംശയത്തില്‍ കഴിഞ്ഞ തവണ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് അകത്തിറങ്ങിയത്.
രത്‌നങ്ങളും വജ്രങ്ങളും ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കളുടെ കാലപ്പഴക്കം, ശുദ്ധി, ഭാരം തുടങ്ങിയവ നിര്‍ണയിക്കാനുള്ള സംവിധാനങ്ങള്‍ ക്ഷേത്രത്തില്‍ സജ്ജമാക്കി. ജര്‍മനി , ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ ഉപകരണങ്ങള്‍ ഇതിനായി ഉപയോഗിക്കും.
കെല്‍ട്രോണ്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂല്യനിര്‍ണയം. എല്ലാം വീഡിയോയിയില്‍ പകര്‍ത്തും. ത്രിമാനചിത്രങ്ങളുമെടുക്കും. വിവരങ്ങള്‍ നേരിട്ട് ഐ.എസ്.ആര്‍.ഒ തയാറാക്കിയ കമ്പ്യൂട്ടര്‍ സെര്‍വറില്‍ രേഖപ്പെടുത്തും. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷമെങ്കിലും വേണ്ടിവരും.
ക്ഷേത്രത്തിലെ നിലവറകള്‍ക്കകത്ത് കണ്ടെത്തിയ ഒരു ലക്ഷം കോടിയുടെ ആസ്തിയില്‍ തൊണ്ണൂറായിരം കോടിയും എ നിലവറയിലായിരുന്നു. ഇവിടത്തെ നിധി ശേഖരത്തിന്റെ പരിശോധനയ്ക്കായി പ്രത്യേക മാര്‍ഗരേഖയും തയാറാക്കിയിട്ടുണ്ട്. നിലവറയിലെ ശേഖരം പരിശോധന കഴിഞ്ഞ് ഇരുമ്പു പെട്ടികളിലാക്കിയാണ് തിരികെ വെയ്ക്കുക.
ശ്രീഭണ്ഡാരനിലവറയെന്നറിയപ്പെടുന്ന എ നിലവറയില്‍ ശതകോടി മൂല്യമുളള നിധിയാണുളളത്. ദൈനംദിന പൂജയ്ക്കുള്ള ഉപകരണങ്ങളും സ്വര്‍ണക്കുടങ്ങളും സൂക്ഷിച്ചിരിക്കുന്ന നിത്യാദി നിലവറയായ ഡി യിലെ വസ്തുക്കളുടെ കണക്കെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഉത്സവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന സി നിലവറയുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.