കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള പാര്‍ലമെന്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. 28 നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിനു മുമ്പായി 26 ന് റയില്‍വേ ബജറ്റ് അവതരണവുമുണ്ട്.
ഇന്‍ഷുറന്‍സ് ഭേദഗതി, ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി എന്നീ വിവാദ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ അവതരിപ്പിച്ചു പാസാക്കിയെടുക്കുക എന്ന ദൗത്യമാണ് മോഡി സര്‍ക്കാരിനുള്ളത്. ബജറ്റ് സമ്മേളത്തില്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷ കക്ഷികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. പൊതുജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുള്ള ബജറ്റാണിതെന്ന് അദ്ദേഹം സര്‍വകക്ഷി സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. അവരുടെ ക്ഷേമത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിയോജിപ്പുകളും പരിഗണിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.
അതേ സമയം ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്ന് ജനതാദള്‍ (യു) നേതാവ ശര്‍ത് യാദവ് പറഞ്ഞു. നേരത്തെ അണ്ണഹസാരയും ഓര്‍ഡിനന്‍സിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
ബജറ്റ് തയ്യാറെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയെക്കുറിച്ച് സോണിയ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചതായും മറ്റ് ഓര്‍ഡിനന്‍സുകളില്‍ സമവായം ഉണ്ടാകുമെന്നും നായിഡു പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല