സ്വന്തം ലേഖകന്‍: ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ആടിയും പാടിയും കൊച്ചി, വിവാദങ്ങള്‍ക്കിടയിലും മനുഷ്യ സംഗമം വന്‍ വിജയം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച മനുഷ്യ സംഗമം എറണാകുളം ടൗണ്‍ ഹാളില്‍ ഡോക്ടര്‍ പിഎം ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണെന്നും പിഎം ഭാര്‍ഗവ പറഞ്ഞു. സംഗമത്തില്‍ സച്ചിതാനന്ദന്‍, ലീന മണിമേഘല, ആനന്ദ്, സിആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
മനുഷ്യ സംഗമത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫ്രീഡം വാക്കും സംഘടിപ്പിച്ചിരുന്നു. രാജേന്ദ്ര മൈതാനത്തുനിന്നും ആരംഭിച്ച ഫ്രീഡം വാക്കില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകള്‍ പരിപാടിയില്‍ സജീവ സാന്നിധ്യമായി. മനുഷ്യ സംഗമത്തിനോടൊപ്പം വൈകിട്ട് ചലച്ചിത്ര താരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ എല്ലാവരും ആടണ് എന്ന നൃത്ത പരിപാടിയും പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമല്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും നടന്നു.
എന്നാല്‍ സംഗമത്തില്‍ ചിലരെ മാറ്റി നിര്‍ത്തുന്നു എന്നാരോപിച്ച് മറ്റൊരു വിഭാഗം കോഴിക്കോട് അമാനവ സംഗമം എന്ന പേരില്‍ സമാന്തര പരിപാടി നടത്തി. ഇരു സംഗമക്കാരും തമ്മില്‍ കടുത്ത ആശയപ്പോരാട്ടത്തിനും ഫേസ്ബുക്ക് വേദിയായി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല