1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് മൊബൈല്‍ സ്വിച്ചിങ് സെന്ററുകളിലോ, ബായ്ക്ക് എന്‍ഡ് സൗകര്യത്തോടുകൂടിയ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലോ നിന്നെന്ന് സൂചന.

പോലീസ് ഓഫീസര്‍മാരുടെ ഔദ്യോഗിക ബി.എസ്.എന്‍.എല്‍. മൊബൈല്‍ നമ്പരുകളുടെ കോള്‍ വിവരങ്ങളാണ് ചോര്‍ത്തിയത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സി.പി.എം. മുഖപത്രത്തില്‍ ഇതേക്കുറിച്ച് വാര്‍ത്ത വന്നതിനു പിന്നാലെ സി.പി.എം. നേതാവ് എളമരം കരീം തന്റെയും മറ്റു ചിലരുടെയും ഫോണുകള്‍ അന്വേഷണസംഘം ചോര്‍ത്തിയെന്ന് നിയമസഭയില്‍ ആരോപണമുന്നയിച്ചത് ഇതിന് മറയിടാനാണെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.

ഒരു മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വന്നതും പുറത്തേക്ക് വിളിച്ചതുമായ നമ്പരുകള്‍, സംസാരിച്ച സമയം, കോളിന്റെ ദൈര്‍ഘ്യം, എസ്.എം.എസ്. അയച്ചതും സ്വീകരിച്ചതും, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ സ്വിച്ചിങ് സെന്ററുകളില്‍നിന്ന് ശേഖരിക്കാനാവും. ബി.എസ്.എന്‍.എല്ലിന് കോഴിക്കോട്ടും കണ്ണൂരുമുള്‍പ്പെടെ എല്ലാ എസ്.എസ്.എ. കേന്ദ്രങ്ങളിലും മൊബൈല്‍ സ്വിച്ചിങ് സെന്ററുകളുണ്ട്. ഒരു സ്വിച്ചിങ് സെന്ററില്‍ നിന്ന് മറ്റൊരു സ്വിച്ചിങ് സെന്ററിലൂടെ പോയ കോളിന്റെ വിവരവും ശേഖരിക്കാം. ബായ്ക്ക് എന്‍ഡ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവുകള്‍ക്കും ഈ വിവരങ്ങള്‍ ലഭിക്കും. മൊബൈല്‍ ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായാണ് പ്രധാന കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ ഈ സൗകര്യം നല്‍കിയിട്ടുള്ളത്. ഇത് ദുരുപയോഗിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി എസ്.പി. റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രം ലഭിക്കുന്ന വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയതെന്നതിനാല്‍ അന്വേഷണസംഘം ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. ടവര്‍ ലൊക്കേഷന്‍ നോക്കി ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവോയെന്നും പരിശോധിക്കുന്നുണ്ട്. ഒരാളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ അയാള്‍ക്ക് നല്‍കാന്‍ വ്യവസ്ഥയുണ്ട്. അപേക്ഷയിലെ ഒപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഇത് നല്‍കാന്‍ പാടുള്ളു എന്നാണ് വ്യവസ്ഥ. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും മൂന്നാമതൊരാള്‍ക്ക് ഈ വിവരം നല്‍കാന്‍ പാടില്ല.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണില്‍ സംസാരിച്ച കാര്യങ്ങളോ എസ്.എം.എസിന്റെ ഉള്ളടക്കമോ ചോര്‍ത്തിയിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. ഇവ ചോര്‍ത്തിയാല്‍ പെട്ടെന്ന് പിടിക്കപ്പെടുമെന്നുള്ളതാണ് കാരണം. സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഫോണ്‍ സംഭാഷണങ്ങളും എസ്.എം.എസ്. ഉള്ളടക്കവും ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. ഇങ്ങനെ ചോര്‍ത്തുന്നതിനായി മൊബൈല്‍ സേവന ദാതാവ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന നമ്പരിലേക്ക് പാരലല്‍ കണക്ഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. അന്വേഷണ ഏജന്‍സികള്‍ തന്നെയാവും ഇവ റെക്കോഡ് ചെയ്യുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.