സ്വന്തം ലേഖകന്‍: ഭീകരര്‍ക്ക് സഹായം നല്‍കുന്നതിനാല്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഗള്‍ഫ് രാജ്യങ്ങള്‍, വിമാന സര്‍വീസുകളും നിര്‍ത്തി, ഖത്തര്‍ ഒറ്റപ്പെടുന്നു. ബഹ്‌റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, യെമന്‍ എന്നിവരാണ് ഭീകര സംഘടനകള്‍ക്കു സഹായം നല്‍കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്‌ഛേദിച്ചത്. ലിബിയയും മാലദ്വീപും ഖത്തറിനെതിരായ നടപടിക്കു പിന്തുണ പ്രഖ്യാപിച്ചു. ഇറാനുമായുള്ള ഖത്തറിന്റെ സൗഹൃദവും നയതന്ത്ര നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് സൂചന.
അല്‍ ക്വയ്ദ, മുസ്ലിം ബ്രദര്‍ഹുഡ്, ഐ.എസ്, തങ്ങളുടെ കിഴക്കന്‍ പ്രവിശ്യായ ഖത്തീഫിനെ സംഘര്‍ഷഭരിതമാക്കുന്ന ഗ്രൂപ്പുകള്‍ തുടങ്ങി ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്തുന്ന സംഘടനകളുമായുള്ള ഖത്തറിന്റെ ബന്ധം കണക്കിലെടുത്താണു തീരുമാനമെന്ന് സൗദി അറേബ്യ അറിയിച്ചു. നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള വ്യോമ, സമുദ്ര ഗതാഗതം നിര്‍ത്തിവച്ചു. ഖത്തറിന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും നടപടി തുടങ്ങി. ഇറാനുമായുള്ള അതിര്‍ത്തി സൗദി അടച്ചുപൂട്ടി. യെമനില്‍ ഹൂതികള്‍ക്കെതിരേ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍ നിന്നും ഖത്തറിനെ ഒഴിവാക്കി. എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈദുബായ്, എയര്‍ അറേബ്യ, സൗദി എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
തങ്ങളുടെ പൗരന്മാരോട് ഖത്തര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ച ഈ രാജ്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ രാജ്യം വിടാന്‍ ഖത്തര്‍ പൗരന്മാരോടു നിര്‍ദേശിക്കുകയും ചെയ്തു. സൗദിയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസും നിര്‍ത്തിവച്ചു. സമീപ കാലത്തെ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിയാണ് പശ്ചിമേഷ്യ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ നടപടി നീതീകരണമില്ലാത്തതും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ പ്രതികരിച്ചു.
ഭീകരസംഘടനകള്‍ക്കു സഹായം നല്‍കുന്നെന്ന ആരോപണം ഖത്തര്‍ നേരത്തേ നിഷേധിച്ചിരുന്നു. തീവ്രവാദത്തിനെതിരേ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് സൗദി സന്ദര്‍ശനത്തിനിടെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണു നടപടി. 2022 ലെ ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്ന ഖത്തര്‍ ഇതോടെ ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ടു.
ഏഴു ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുള്ള ഖത്തറിലെ പുതിയ സ്ഥിതി വിശേഷം ഇന്ത്യയേയും ആശങ്കപ്പെടുത്തുന്നതാണ്. ശക്തമായ മലയാളി പ്രവാസി സാന്നിധ്യമുള്ള രാജ്യം കൂടിയാണ് ഖത്തര്‍. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനത്തോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഖത്തറിലേക്ക് പോവാന്‍ സാധിക്കാതെ വരും. ഖത്തറിലുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്യും.
ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ. ഖത്തറില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നത് ജപ്പാന്‍, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ്. 2022 ലെ ഫുട്‌ബോള്‍ ലോകകപ്പിനായി വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഖത്തറില്‍ നടക്കുന്നത്. ആയിരകണക്കിന് ഇന്ത്യക്കാരാണ് ഇതിനായി മാത്രം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തറിലെത്തിയത്.
ഖത്തറിലേക്ക് കരജലവ്യോമഗതാഗതം അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ചതോടെ ഖത്തറിന് കോടിക്കള്‍ വരുമാനം നേടിക്കൊടുക്കുന്ന പ്രകൃതിവാതക കയറ്റുമതിയും അവതാളത്തിലാവും. എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ടൂറിസത്തിലും മറ്റു വ്യാപാര രംഗത്തു നിന്നുള്ള വരുമാനമാണ് ഖത്തറിന് തുണയായത്. നിലവിലെ പ്രതിസന്ധിയെ ഖത്തര്‍ എങ്ങനെ മറികടക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല