1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിന്റെ പിഴവ് മൂലം യാത്രികന് വെടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം നിയമക്കുരുക്കിലേക്ക് നീങ്ങുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മനാഫി (47) നെ സന്ദര്‍ശിക്കാന്‍ പോലും റെയില്‍വേ അധികൃതര്‍ തയാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സ്റ്റേഷനിലേക്ക് കയറുമ്പോഴാണ് വെള്ളിയാഴ്ച രാത്രി മനാഫിന് വെടിയേറ്റത്. ഇയാളെ യാത്രികനായി പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് റെയില്‍വേ. ടിക്കറ്റ് എടുക്കുന്നതിന് മുമ്പായതിനാല്‍ യാത്രികര്‍ക്ക് നല്‍കാറുള്ള നഷടപരിഹാരത്തിന് മനാഫ് അര്‍ഹനല്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. റെയില്‍വേ സംരക്ഷണസേനയുടെ പിഴവാണെന്നതും റെയില്‍വേ അവഗണിക്കുകയാണ്.

അതേസമയം സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് അപകടം നടന്നതെന്നകാര്യം പരിഗണിക്കുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഓഫീസ് അവധിയായതിനാല്‍ ഇതേക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമാനമായ സംഭവങ്ങള്‍ മറ്റു ഡിവിഷനുകളില്‍ സംഭവിച്ചപ്പോള്‍ സ്വീകരിച്ച മാനദണ്ഡങ്ങളാകും ഇവിടെയും പരിഗണിക്കുക. റെയില്‍വേ ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ഏറെ വൈകാനിടയുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന.

അതേസമയം ഓള്‍ ഇന്ത്യാ ആര്‍.പി.എഫ് അസോസിയേഷന്‍ തിരുവനന്തപുരം ഡിവിഷന്‍ മനാഫിന് ചികിത്സാ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ വിസമതിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാതി 7.30 നാണ് മനാഫിന് വെടിയേറ്റത്. ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ഇശക്കിയപ്പന്‍ റിവോള്‍വര്‍ വൃത്തിയാക്കുമ്പോഴാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കോണ്‍സ്റ്റബിളിനെ പ്രതിയാക്കി റെയില്‍വേ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.