1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

ഐസ്‌ക്രീംകേസ് അന്വേഷണറിപ്പോര്‍ട്ടില്‍ എന്തുസംഭവിച്ചെന്ന് അറിയില്ലെന്ന് കെ.എ റഊഫ്‌. എന്നാല്‍ അന്വേഷണം തൃപ്തികരമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും റഊഫ്‌ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും താന്‍ ഉന്നയിച്ച അതേ ആരോപണങ്ങള്‍ തന്നെയാണെന്നും റഊഫ്‌പറഞ്ഞു.
റജീനയും റജുലയുമുള്‍പ്പെടെ ഐസ്‌ക്രീം കേസിലെ പ്രധാന സാക്ഷികളായ അഞ്ച് സ്ത്രീകള്‍ക്കും 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഏതാണ്ട് ഒരു കോടി രൂപ വരെ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന തന്റെ പഴയ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും റഊഫ്‌ പറഞ്ഞു.
എന്നാല്‍ എവിടെ നിന്ന് പണംകിട്ടി, ആര് പണം നല്‍കി എന്നീ കാര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഇതുകൊണ്ട് തന്നെ കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നത് ഉറപ്പാണ്‌. റെജീനയും റെജുലയും ഇപ്പോള്‍ ജീവിക്കുന്നത് എങ്ങനെയാണെന്നും അന്വേഷണ സംഘം പരിശോധിക്കേണ്ടതുണ്ടെന്നും റഊഫ്‌ പറഞ്ഞു.
അന്വേഷണറിപ്പോര്‍ട്ടില്‍ ജഡ്ജിമാര്‍ക്കു പണം നല്‍കിയെന്നു കണ്ടെത്തിയിട്ടില്ലെങ്കിലും താന്‍ പറഞ്ഞതു സത്യമാണെന്നു തെളിയിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെ നുണപരിശോധന പോലുള്ള ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്നും അതേ പരിശോധന തനിക്കും നടത്തണമെന്നും റഊഫ് ആവശ്യപ്പെട്ടു.

അന്വേഷണ സംഘം തന്നെ അഞ്ചു തവണ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. സഹായിക്കാനെന്ന പേരില്‍ റൗഫ് തന്നെ ചതിക്കുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടിലെ 63ാം പേജില്‍ പറയുന്നുണ്ട്. എന്നാല്‍ എന്തു സഹായമാണ് ചെയ്തത് എന്ന് വ്യക്തമാക്കുന്നില്ലെന്നും റഊഫ് പറഞ്ഞു.
ഐസ്‌ക്രീം കേസില്‍ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴിടത്ത് കുഞ്ഞാലിക്കുട്ടിയുടെ പേര് പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇത് അട്ടിമറിക്കപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ അജിത നല്‍കിയ പരാതിയുടെ പകര്‍പ്പ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ തനിക്ക് നല്‍കിയെന്നും അന്ന് അജിത നേരിട്ട മാനസിക അവസ്ഥയാണ് ഇപ്പോള്‍ താന്‍ നേരിടുന്നതെന്നും റൗഫ് പറഞ്ഞു.

ഐസ്‌ക്രീംകേസ് അട്ടിമറിയെക്കുറിച്ച് അന്വേഷണസംഘം കുറേ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അട്ടിമറിയിലേക്ക് നയിച്ച മുഴുവന്‍ കാര്യങ്ങളും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സി.ബി.ഐ പോലുള്ള മറ്റേതെങ്കിലും ഏജന്‍സിക്ക് അട്ടിമറിക്കേസ് അന്വേഷണം നല്‍കണമെന്നും റൗഫ് ആവശ്യപ്പെട്ടു.
ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കെ.എ.റഊഫ് ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി നടത്തുന്ന വെളിപ്പെടുത്തലുകള്‍ വയറ്റുപ്പിഴപ്പിനു വേണ്ടിയുളളതാണെന്നും അതു കാര്യമായി എടുക്കുന്നില്ലെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.