സ്വന്തം ലേഖകന്‍: കേരളം സൂര്യന്റെ വറചട്ടിയാകുന്നു, പാലക്കാട് റെക്കോര്‍ഡ് ചൂട് 41.1 ഡിഗ്രി രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഉയര്‍ന്ന താപനിലയായ 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 1987 ലാണ് ഇതിന് മുന്‍പ് മലമ്പുഴയില്‍ താപനില ഇത്രയും ഉയര്‍ന്നത്. സമുദ്ര താപനില അസാധാരണമായി വര്‍ധിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് കേരളത്തിനെ പൊള്ളിക്കുന്നത്.
കേരളത്തില്‍ വേനല്‍മഴയില്‍ 43 ശതമാനം കുറവാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്. സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 13വരെ ലഭിച്ചത് 40.8 മില്ലീമീറ്റര്‍ മഴ മാത്രമാണ്. 70.9 മില്ലീമീറ്റര്‍ ശരാശരിയില്‍നിന്ന് 43 ശതമാനമാണ് കുറവനുഭവപ്പെട്ടത്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് സാമാന്യം മഴ ലഭിച്ചത്. ഇവയില്‍ ശരാശരിയില്‍ക്കൂടുതല്‍ മഴലഭിച്ചത് കോട്ടയത്ത് മാത്രമാണ്.
വേനല്‍മഴ തീരെകിട്ടാത്ത സ്ഥലങ്ങളില്‍ കടുത്ത ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഏപ്രില്‍ 28 മുതല്‍ ചൂട് വീണ്ടും കൂടുമെന്ന് സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ചിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴ കിട്ടുന്നതോടെ ചൂടിന്റെ രൂക്ഷത കുറയും. ഇത്തവണ ഇടവിട്ട് കുറഞ്ഞ വേനല്‍മഴയേ ലഭിക്കയുള്ളൂ എന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല