1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2015

സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷ, രണ്ടാം റാങ്ക് മലയാളി പെണ്‍കുട്ടിക്ക്. ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജാണ് ആദ്യ ശ്രമത്തില്‍ തന്നെ ഈ നേട്ടം കരസ്ഥമാക്കിയത്. കൊല്ലം കല്ലുവാതുക്കല്‍ ഇ. എസ്. ഐ. ആശുപത്രിയില്‍ ഡോക്ടറാണ് രേണു.

ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യ 72 റാങ്കിനുള്ളില്‍ രേണുവിനു പുറമേ ഏഴ് മലയാളികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളികളായ കെ.നിധീഷ് എട്ടാം റാങ്കും അനന്യ ദാസ് പതിനാറാം റാങ്കും കരസ്ഥമാക്കി. ഇതുകൂടാതെ മേഴ്‌സ് രമ്യ 32 മത്തെ റാങ്കും എസ്.അരുണ്‍ രാജ് 34 മത്തെ റാങ്കും ആശ അജിത്ത് 40 മത്തെ റാങ്കും എം.എസ്. പ്രശാന്ത് 47 മത്തെ റാങ്കും ജെറോമിക് ജോര്‍ജ് 72 മത്തെ റാങ്കും നേടി മലയാളത്തിന്റെ അഭിമാനമായി.

നാലരലക്ഷത്തിലധികം പേരാണ് ഓഗസ്റ്റ് 24 ന് നടന്ന പ്രിലിമിനറി പരീക്ഷയെഴുതിയിരുന്നത്. 3303 പേര്‍ അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടി. ഐ എഫ് എസ്, ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ പദവികളിലേക്കായി 1,364 ഒഴിവുകളാണ് ആകെയുള്ളത്.

27 വര്‍ഷമായി തന്റെ മാതാപിതാക്കള്‍ മനസില്‍ കൊണ്ടു നടന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നു രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞു. പിന്തുണക്കാന്‍ മനസുള്ള ഭര്‍ത്താവുണ്ടെങ്കില്‍ എത്ര ഉയരത്തിലും എത്താനാകുമെന്നതിന്റെ ഉദാഹരണമാണിതെന്നും വിവാഹിതയായ രേണു കൂട്ടിച്ചേര്‍ത്തു.

മകളുടെ നേട്ടം ലോകത്തെ പട്ടിണികിടക്കുന്ന അവശര്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു എന്നായിരുന്നു രേണുവിന്റെ മാതാപിതാക്കളുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.