1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012

മുന്‍ ആന്ധ്ര ഗവര്‍ണറും യു.പി.യുടെയും ഉത്തരാഖണ്ഡിന്റെയും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരി ഒടുവില്‍ കുടുങ്ങി. തിവാരിയില്‍ പിതൃത്വം ആരോപിച്ച് നാലുവര്‍ഷമായി നിയമം പോരാട്ടം നടത്തുന്ന രോഹിത് ശേഖര്‍ തിവാരിയുടെ മകന്‍ തന്നെയാണെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡല്‍ഹി ഹൈക്കോടതിയാണ് ഡി.എന്‍.എ ഫലം പുറത്തുവിട്ടത്. ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്ക്കണമെന്ന തിവാരിയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഡി.എന്‍.എ റിപ്പോര്‍ട്ട് തുറന്നു പരിശോധിക്കുമെന്നായിരുന്നു അപേക്ഷ പരിഗണിച്ച ജസ്റ്റീസ് റേവ ഖേത്രാപാല്‍ വ്യക്തമാക്കിയത്. ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഫലം പരസ്യമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

2008 ലാണ് തിവാരിയുടെ മകനെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന യുവാവ് കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോടതി ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. ആദ്യം പരിശോധനയ്ക്ക് തയ്യാറാവാതിരുന്ന തിവാരി പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളെ തുടര്‍ന്നാണ് പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കിയത്.
ഡി.എന്‍.എ. പരിശോധനാഫലം വന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് രോഹിതിന്റെ അമ്മ ഉജ്ജ്വല ശര്‍മ പറഞ്ഞു. എന്നാല്‍, തനിക്ക് സന്തോഷമോ സങ്കടമോ ഇല്ലെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ ഇത്‌ തന്റെ സ്വകാര്യമായ കാര്യമാണെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആയിരുന്നു 87 കാരനായ തിവാരിയുടെ പ്രതികരണം.

ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് 2009-ല്‍ തിവാരി ആന്ധ്രാ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഔദ്യോഗിക വസതിയില്‍ മൂന്നു സ്ത്രീകളോടൊത്തുള്ള തിവാരിയുടെ വീഡിയോ ചിത്രങ്ങള്‍ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു രാജി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.