1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍

സൗദി അറേബ്യയിലെ പ്രവാസികള്‍ക്കിടയില്‍ ആര്‍എസ്എസ് അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി വിവിധ പേരുകളിലാണ് രഹസ്യ സംഗമങ്ങളും പരിപാടികളും ആര്‍എസ്എസ് സംഘടിപ്പിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കിടയിലേക്ക് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സൗദിയുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപം നല്‍കിയ ‘വിശ്വവിഭാഗ്’ എന്ന വേദിയുടെ ചുമതലയുള്ള മലയാളിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് പത്ര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇപ്പോള്‍ സൗദിയിലുള്ള ഇയാള്‍ ദമ്മാം, അല്‍ഖോബാര്‍, അല്‍അഹ്‌സ, ജുബൈല്‍ എന്നിവിടങ്ങളിലെ ആര്‍എസ്എസ് യോഗങ്ങള്‍ക്ക് പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സംഘപരിവാറിന് എണ്ണിയാല്‍ തീരാത്ത സംഘടനകളുണ്ട്. ഇതുപോലെ തന്നെയാണ് സൗദിയിലെയും പ്രവര്‍ത്തനം. വിവിധ പേരുകളിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സംഘപരിവാര്‍ യോഗങ്ങള്‍ എവിടെയാണ് നടക്കുന്നത് എന്ന് മറ്റുള്ളവര്‍ കണ്ടെത്താതിരിക്കാന്‍ ഓരോ നഗരത്തിനും ഓരോ പേരാണ് സംഘ്പരിവാര്‍ നല്‍കിയിരിക്കുന്നത്. തീവ്രവാദികള്‍ കോഡ് നെയിം ഉപയോഗിക്കുന്നത് പോലെയാണ് ഇത്.

റിയാദ് നഗരത്തിന് നല്‍കിയിരിക്കുന്ന പേര് ‘പാടലീ പുത്ര’ എന്നാണ്. ദമ്മാം ‘ഗംഗോത്രി’യും ജുബൈല്‍ ‘വിജയ നഗര’വുമാണ്. ‘സമര്‍പ്പണം’ എന്ന പേരിലാണ് ചില പരിപാടികള്‍ നടന്നത്. ഇന്ത്യയില്‍ നടക്കുന്ന ശാഖ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ വെള്ളിയാഴ്ചകളില്‍ ‘ബാല ഭാരതി’ എന്ന പേരില്‍ കുട്ടികളുടെ സംഗമവും നടക്കുന്നുണ്ട്. ഇതിനു പുറമെ കുടുംബ സമേതം പല കേന്ദ്രങ്ങളിലും രഹസ്യ ഒത്തുചേരല്‍ നടക്കുന്നുണ്ടെന്നും പത്രം പറയുന്നു.

വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് സൗദിയിലെ സംഘ് പ്രവര്‍ത്തനങ്ങള്‍. ബ്രിട്ടണില്‍ മറ്റ് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ഹിന്ദു കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ശശികല ടീച്ചറായിരുന്നു ബ്രിട്ടണിലെ ഹിന്ദു സമ്മേളനത്തിന്റെ പ്രധാന അതിഥിയായി പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.