1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2017

സ്വന്തം ലേഖകന്‍: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍, മറ്റൊരാളുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന മന്ത്രി കെ.ടി ജലീലിന്റെ നിലപാട് വിമര്‍ശിക്കപ്പെടുന്നു. ജലീലിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കന്മാരായ എം.കെ മുനീര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വ്യക്തമാക്കി.

സബ്‌സിഡി ഏകപക്ഷീയമായി ഒരു ചര്‍ച്ചയും ഇല്ലാതെ നിര്‍ത്തലാക്കുന്നതിനോട് മുസ്ലിംലീഗ് യോജിക്കുന്നില്ലെന്നും നിലനിന്നിരുന്ന ആനുകൂല്യം പിന്‍വലിക്കുമ്പോള്‍ എല്ലാവരുമായി ആലോചിക്കണമെന്നും ലീഗ് എം.എല്‍.എ എം.കെ മുനീര്‍ പ്രതികരിച്ചു. സര്‍വകക്ഷികളുമായി ആലോചിച്ചു മാത്രമേ ഇത്തരം തീരുമാനം എടുക്കാവൂ എന്നും മുനീര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ശ്രദ്ധയും ആനുകൂല്യവും ഉണ്ടാകുക എന്നത് ഹാജിമാരെ സംബന്ധിച്ച് അവര്‍ക്കൊരു ആശ്വാസമാണെന്നും അതുകൊണ്ടു തന്നെ സബ്‌സിഡി നിര്‍ത്തലാക്കുകയാണെങ്കില്‍ വിമാനയാത്രാക്കൂലി അതിനനുസരിച്ച് കുറവ് വരുത്തമെന്നും മുസ്ലീംലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതില്‍ കുറവ് വരുത്തിയാല്‍ സബ്‌സിഡിയുടെ ആവശ്യമില്ലെന്നും ആനുകൂല്യം കിട്ടുന്നത് നല്ലതാണെന്നും അത് സര്‍ക്കാര്‍ നിര്‍ത്തലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരാളുടെ ചെലവില്‍ ഹജ്ജിന് പോകണമോ എന്ന് ഹാജിമാര്‍ ചിന്തിക്കണമെന്നായിരുന്നു ഇന്നലെ മന്ത്രി കെ.ടി ജലീന്റെ വാക്കുകള്‍. ഹജ്ജ് സബ്‌സിഡി പൊതുപണം ഉപയോഗിച്ച് നല്‍കുന്നത് ശരിയല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, സബ്‌സിഡി പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ നിലപാടെന്നും സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രിയായ ജലീല്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.