ന്യൂയോര്‍ക്ക് : അമേരിക്കയിലെ മില്വോകിന് സമീപമുളള സിഖ് ക്ഷേത്രത്തില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെയ്പിനെ തുടര്‍ന്ന് ആറ് പേര് കൊല്ലപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ആളും കൊല്ലപ്പെട്ടു. ഓക് ക്രീക്കിന് അടുത്തുളള സിഖ് ക്ഷേത്രത്തില്‍ ആരാധനയ്ക്കായി ധാരാളം ആളുകള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അക്രമം. വെടിയേറ്റ് മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ക്ഷേത്രത്തിന് അകത്തും രണ്ടു പേരുടേത് പുറത്തും കണ്ടെത്തിയതായി ഗ്രീന്‍ഫീല്‍ഡ് പോലീസ് മേധാവി ബ്രാഡ്ലി വെന്റ്ലാന്ഡ്റ്റ് പറഞ്ഞു. എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് എന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെയ്പിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും പോലീസിന് ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല. ക്ഷേത്രത്തിന് പുറത്തുളള കാര്‍പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം വെടിവെയ്പ് ഉണ്ടായത്. രണ്ട് പേര് സംഭവസ്ഥലത്ത് തന്നെ വെടിയേറ്റ് വീണതായി ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന വീണ്ടും തോക്കില്‍ തിര നിറച്ച അക്രമി തോക്കുമായി ക്ഷേത്രത്തിനുളളിലേക്ക് കടക്കുകയായിരുന്നു. വെടിയൊച്ച കേട്ടപ്പോഴേക്കും സ്ത്രീകളും കുട്ടികളും ക്ഷേത്രത്തിനുളളിലെ സ്ഥലങ്ങളില്‍ ഒളിച്ചതാണ് ദുരന്തം കൂടുതല്‍ വലുതാകാതിരിക്കാന്‍ സഹായിച്ചതെന്ന ക്ഷേത്രത്തിലെ പുരോഹിതന് അറിയിച്ചു.
വെടിയേറ്റവരില്‍ മൂന്ന് പുരോഹിതന്മാരും ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഞ്ച് ലക്ഷത്തിലധികം സിഖ് മതവിശ്വാസികള്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല