വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമശ്ലീഹയുടെയും തിരുന്നാള്‍ ആഘോഷം ഭക്ത്യാദരപൂര്‍വം ജൂലൈ 28 നു ശനിയാഴ്ച വൂസ്റ്റര് സെന്റ് ജോര്‍ജ് കാത്തോലിക് ചര്‍ച്ചില്‍ അതിവിപുലമായി ആഘോഷിക്കുന്നു. ഭാരതീയ മക്കളെ ക്രിസ്തു ശിഷ്യന്‍മാരാക്കി മാറ്റിയ വിശുദ്ധ തോമശ്ലീഹയുടെയും, ആലയത്തിന്റെ അവൃതിക്കുള്ളില്‍ സ്വയം എരിഞ്ഞടങ്ങി സഹനത്തിന്റെ വിശുദ്ധ മാതൃക കാട്ടി, മലയാള മണ്ണില്‍ നിന്നും കടന്നു പോയി, സ്വര്‍ഗീയ ആരാമത്തില്‍ സുഗന്ധ ശോഭ പരത്തി നില്‍ക്കുന്ന മലയാളത്തിന്റെ സ്വന്തം വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി തിരുനാള്‍ കമ്മിറ്റിയുടെ പ്രതേക താല്‍പര്യപ്രകാരം ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം യുകെയില്‍ എത്തിച്ചേരും.
ഇംഗ്ലണ്ടിന്റെ മണ്ണില്‍ ആദ്യമായി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ തിരുന്നാള്‍ ആഘോഷിച്ചതും, തിരുസ്വരൂപവും, തിരുശേഷിപ്പും പരസ്യ വണക്കത്തിനു സ്ഥാപിച്ചതും വൂസ്റ്റര്‍ സെന്റ് ജോര്‍ജ് കാത്തോലിക് ചര്‍ച്ചിലാണ്. 2008 ഒക്ടോബര്‍ 12 നു റോമില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച അതെ മണിക്കൂറില്‍ വൂസ്റ്റര്‍ സെന്റ് ജോര്‍ജ് കാത്തോലിക് പള്ളിയില്‍ ഫാദര്‍ ജോയ് വയലിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു . അന്ന് മുതല്‍ ഇന്നുവരെയുള്ള എല്ലാ വര്‍ഷങ്ങളിലും ഇവിടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു .
നാനൂറു വര്ഷം പഴക്കമുള്ള വൂസ്റ്റര് സെന്റ് ജോര്‍ജ് കാത്തോലിക് പള്ളിയുടെ വികാരി ഫാദര്‍ ബ്രയന്‍ മാര്‍ക്ക്, സിറോ മലബാര്‍ വെസ്റ്റ് മിഡ്ലാന്‍ഡ് കോ ഓര്‍ഡിനെറ്റര്‍ ഫാദര്‍ സോജി ഒലിക്കല്‍ , അസിസ്റ്റന്റ് വികാരിയും ,സിറോ മലബാര്‍ സഭ യുടെ ചുമതല വഹിക്കുന്ന ഫാദര്‍ ജോസഫ് നരിക്കുഴിയുമാണ് അജപാലന രംഗത്ത് വൂസ്റ്റര് മലയാളികളുടെ ആത്മീയ വളര്‍ച്ചക്ക് പിന്തുണയേകുന്നത്. ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടത്തോടൊപ്പം 12 വൈദികര് തിരുന്നാള്‍ കുര്‍ബാനയ്ക്ക് സഹകാര്‍മികരാകും.
ഫാദര്‍ ബ്രയന്‍ മാര്‍ക്ക് (വികാര്‍ സെന്റ് ജോര്‍ജ് ചര്‍ച്ച്), ഫാദര്‍ സോജി ഒലിക്കല്‍ (സിറോ മലബാര്‍ വെസ്റ്റ് മിഡ്ലാന്‍ഡ് കോ ഓര്‍ഡിനെറ്റര്‍ ), ഫാദര്‍ ജോസഫ് നരിക്കുഴി (അസിസ്റ്റന്റ് വികാരി ), ഫാദര്‍ ജോസഫ് കറുകയില്‍, ഫാദര്‍ ജോയ് ചേറാടിയില്‍ ,ഫാദര്‍ ഡോക്ടര്‍ മാത്യു ചൂരപോയ്കയില്‍, ഫാദര്‍ സജി തോട്ടത്തില്‍ , ഫാദര്‍ വര്‍ഗീസ് കോന്തുരുതിയില്‍, ഫാദര്‍ ജോമോന്‍ തൊമ്മാന, ഫാദര്‍ സക്കറിയ കാഞ്ഞൂപറമ്പില്‍, ഫാദര്‍ സോണി മുണ്ടുതറക്കല്‍, ഫാദര്‍ ഡാനിയേല്‍ കുളങ്ങര , തുടങ്ങീ പന്ത്രണ്ടിലധികം വൈദികരാണ് തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് പിതാവിനൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് .
തിരുന്നാളിനോട് അനുബന്ധിച്ച് വൂസ്റ്റര് ഇടവകയിലുള്ള കുട്ടികളുടെ ആദ്യ കുര്‍ബാനയും , സ്തൈര്യലേപനവും നടക്കും . തിരുന്നാളിന് ഏഴു ദിവസം മുന്‍പ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ആരംഭിക്കുകയും ജൂലൈ 21 നു തിരുന്നാള്‍ കൊടിയേറ്റും നടക്കുകയും ചെയ്യും . യുകെയിലെ പ്രമുഖ ടീമുകളുടെ നേത്രുത്വത്തില് നടക്കുന്ന ചെണ്ട മേളത്തിന്റെയും , ബാന്‍ഡ് സെറ്റ്ന്റെയും അകമ്പടിയോടു കൂടി ആഘോഷമായ പ്രദിക്ഷിണവും തിരുന്നാള്‍ ദിനത്തില്‍ ഉണ്ടായിരിക്കും .
പ്രവാസ ജീവിതത്തിന്റെ തിരക്കില്, കുടുംബ ജീവതിന്റെ സഹനങ്ങളില്, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃക സ്വീകരിച്ച് ഈശോയെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞു തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു ഏവരെയും ക്ഷണിക്കുന്നതായി തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിക്കുന്നു . ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിക്കുന്ന ജൂലൈ 28 തന്നെയാണ് വൂസ്റ്ററിലും ആഘോഷങ്ങള്‍ നടക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാദര്‍ ജോസഫ് നരിക്കുഴി – 07550420962
ജോസ് വര്‍ഗീസ് – 07727071062
ജോര്‍ജ് സേവ്യര്‍ – 0910527697











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല