ബ്രിസ്റ്റോള്‍ സെന്റ്. സ്റ്റീഫന്‍ ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ കഴിഞ്ഞ ജനുവരി രണ്ടാം ഞായറാഴ്ച സഭയുടെ പ്രഥമ രക്തസാക്ഷിയായ വി. സ്തെഫാനോസ് സഹദായുടെ മഹനീയ ഓര്‍മ്മപ്പെരുന്നാള്‍ അതിവിപുലമായി കൊണ്ടാടപ്പെട്ടു. ഇടവക വികാരി ഫാ.സജി എബ്രഹാം കൊചെത്ത് പെരുന്നാള്‍ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ തുറകളില്‍ പെട്ട വിശ്വാസികള്‍ വി.പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹ സായൂജ്യമടഞ്ഞപ്പോള്‍ സെന്റ് സ്റ്റീഫന്‍ ദേവാലയവും പരിസരവും ജനനിബിഡമായി. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ദേവാലയത്തിന് ചുറ്റും നടന്ന വിശുദ്ധ റാസ, വര്‍ണ്ണക്കൊടികളും മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രാര്‍ഥനാഗാനങ്ങളും കൊണ്ട് ഏറെ അനുഗ്രഹീതമായപ്പോള്‍ വിശ്വാസികളുടെ മനസിലെ ഗൃഹാതുരത്വത്തിന് സാഫല്യം നല്‍കിക്കൊണ്ടാണ് പ്രത്യേകം തയ്യാറാക്കിയ പെരുന്നാള്‍ ഗാനങ്ങള്‍ മുഴങ്ങി കേള്‍പ്പിച്ച് കൊണ്ട് അലങ്കരിച്ച വാഹനം കടന്നു വന്നത്.
തിരുന്നാള്‍ ശ്രുശ്രൂഷകള്‍ക്ക് ശേഷം ശ്രീ എബി ടൌണ്‍ടോന്‍, ബിജു ഒട്ടാര, ടിറ്റു എന്നിവരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ ചിന്തിക്കടയില്‍ നിന്നും ബലൂണുകളും മറ്റു കളിപ്പാട്ടങ്ങളും വാങ്ങുവാന്‍ കുട്ടികള്‍ മത്സരിച്ചത് ആഘോഷങ്ങളെ ദൃശ്യചാതുര്യമാക്കി. പിന്നീട് എല്ലാ ഇടവക അംഗങ്ങളുടെയും സജീവ സാന്നിധ്യത്തില്‍ തയ്യാറാക്കിയ പെരുന്നാള്‍ നേര്‍ച്ചയും സ്നേഹ വിരുന്നും ചടങ്ങിന് ഏറെ വ്യത്യസ്ത പുലര്‍ത്തി. തുടര്‍ന്ന് നടന്ന ശ്രുശ്രൂഷയ്ക്ക് മാത്യു ഇടുക്കുള, ലാല് കുര്യന്‍, ലെനി സ്വിന്ദന്‍, പ്രിന്‍സി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. 
തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി ഇടവക അംഗങ്ങള്‍ തന്നെ സജീവമായി പങ്കെടുത്ത സംഗീത വിരുന്ന് സെന്റ് സ്റ്റീഫന്‍സ് വോയിസ് ബ്രിസ്റ്റോള്‍ ഏവരെയും ആഹ്ലാദിപ്പിച്ചു. സെന്റ് സ്റ്റീഫന്‍സ് വോയിസ് ബ്രിസ്റ്റോള്‍ എന്ന് നാമകരണം ചെയ്ത ഈ ഗാനസദ്യ ശ്രവണതരളമായ ഗാനങ്ങള്‍ കൊണ്ട് ഏറെ വ്യത്യസ്തമായി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല