സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതികാനന്ദയെ ഇടിക്കട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ. സ്വാമിയെ ഇടിക്കട്ട കൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തിയശേഷം പുഴയില്‍ തള്ളിയതായിരിക്കാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ശിവഗിരി തീര്‍ഥാടനവേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ശാശ്വതികാനന്ദയുടെ നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്ന് പ്രകാശാനന്ദ പറഞ്ഞു. മുഖത്ത് പാടുകള്‍ ഇല്ലാത്തയാളായിരുന്നു അദ്ദേഹം. എന്നാല്‍ മൃതദേഹത്തിന്റെ നെറ്റിയില്‍ വട്ടത്തില്‍ ഒരു പാടുണ്ടായിരുന്നു. ഇടിക്കട്ട കൊണ്ട് ഇടിയേറ്റതാകാനാണ് സാധ്യത. സ്വാമിയുടെ മൃതദേഹം കിട്ടിയത് പുഴയോടു ചേര്‍ന്ന മതിലിനടുത്ത കരിങ്കല്‍ക്കെട്ടിനുള്ളില്‍ കിടത്തിയതു പോലെയാണ്. ഒഴുക്കുള്ള പുഴയില്‍ അങ്ങനെ സംഭവിക്കാറില്ല. കല്ല് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് മൃതദേഹം എത്തിയതില്‍ ദുരൂഹതയുണ്ട്. നന്നായി നീന്തലറിയാവുന്ന ആളായിരുന്നു ശാശ്വതികാനന്ദ. തലയ്ക്കിടിച്ച ശേഷം പുഴയില്‍ തള്ളിയതാകുമെന്നാണു കരുതുന്നത്. മൃതദേഹം തെരയുമ്പോള്‍ ഒരാള്‍ പുഴ നീന്തിക്കടന്ന് അക്കരെ പോയതായി അന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നുവെന്നും പ്രകാശാനന്ദ വെളിപ്പെടുത്തി.
സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കും. അറിയാവുന്ന എല്ലാ കാര്യവും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറയും. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കെ.ആര്് ഗൗരിയമ്മയുടെ പ്രസ്താവന ശരിയാകാമെന്നും പ്രകാശാനന്ദ പറഞ്ഞു. ആലുവാപ്പുഴയില്‍ ശാശ്വതീകാനന്ദ കുളിക്കാനിറങ്ങിയ സമയത്ത് മറ്റൊരാളും ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നുവെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല