കപ്പലും കപ്പിത്താന്മാരും വില്ലന്മാരുടെ വേഷത്തില്‍ സജീവമായി നില്ക്കുന്ന കാലത്താണ് പഴയൊരു കപ്പല്‍ ദുരന്തത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ലോകത്തിനു മുന്നിലെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലായ ടൈറ്റാനിക്കിന്റെ കപ്പിത്താന് അപകടസമയത്തു മദ്യപിച്ചിരുന്നുവെന്നു വെളിപ്പെടുത്തല്‍.
ടൈറ്റാനിക് ദുരന്തത്തില്‍ നിന്നു രക്ഷപെട്ട എമിലി റിച്ചാര്‍ഡ്സാണു കപ്പിത്താനെ കുറ്റപ്പെടുത്തിയിരിക്കുന്നത്. അപകടത്തിനു മണിക്കൂറുകള്‍ മുമ്പു മുതല്‍ കപ്പിത്താന് മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നാണ് ആരോപണം. മഞ്ഞുമലയില്‍ ഇടിക്കുമ്പോഴും ക്യാപ്റ്റന്‍ സലൂണ്‍ ബാറില്തന്നെയായിരുന്നു, എമിലി എഴുതിയ ലെറ്ററില്‍ വെളിപ്പെടുന്നു.
മുങ്ങിത്താഴുന്ന കപ്പലിനൊപ്പം സ്വന്തം ജീവനും തീര്‍ന്നോട്ടെ എന്ന ധൈര്യം നിറഞ്ഞ തീരുമാനത്തിലായിരുന്നു ക്യാപ്റ്റന്‍ എന്നായിരുന്നു ഇത്രയും കാലം ചരിത്ര പുസ്തകങ്ങള്‍ ക്യാപ്റ്റന്‍ എഡ്വാര്‍ഡ് സ്മിത്തിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നത്. സെക്കന്‍ഡ് ക്ലാസ് പാസഞ്ചറായ എമിലി റസ്ക്യു ഷിപ്പായ കാര്പാതിയയില് ഇരുന്നു വീട്ടിലേക്ക് എഴുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. അന്നത്തെ ദുരന്തത്തില്‍ ഇരുപത്തിനാലുകാരി എമിലിയും രണ്ടു മക്കളും രക്ഷപെട്ടു. പക്ഷേ എമിലിയുടെ സഹോദരന് ജോര്‍ജ് അന്നു കൊല്ലപ്പെട്ട 1522 പേരില്‍ ഒരാളായിരുന്നു.
ഭര്‍ത്താവിന്റെ അമ്മയ്ക്കാണ് എമിലി ഈ കത്തെഴുതിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിക്കാണു കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചതെന്നും, ആ സമയത്തു ക്യാപ്റ്റന്‍ മദ്യപിക്കുകയായിരുന്നെന്നും ക്യാപ്റ്റന്റെ പിഴവായിരുന്നെന്നുമൊക്കെ എമിലി കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്രയും കാലം കത്തിലെ ഈ പരാമര്‍ശങ്ങള്‍ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്തായാലും ആ കത്ത് ഇപ്പോള്‍ ലേലത്തിനു വരുന്നു. ലോകം നടുങ്ങിയ ദുരന്തത്തെക്കുറിച്ചു വ്യത്യസ്തമായ വ്യാഖ്യാനമുള്ള എഴുത്ത് എന്ന നിലയില്‍ ലേലപ്പുരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന കത്ത്.
1912 ഏപ്രില്‍ പതിനഞ്ചിനായിരുന്നു ടൈറ്റാനിക് ദുരന്തം. നൂറു വര്‍ഷമാകുന്ന വേളയില്ത്തന്നെയാണു പുതിയ വെളിപ്പെടുത്തല്‍ എന്നതു ശ്രദ്ധേയം. ഒരുപക്ഷേ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിലുള്ള വേദനയാകാം എമിലി ക്യാപ്റ്റനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നവരുമുണ്ട്. എന്തായാലും കപ്പലുകള്‍ക്കും കപ്പിത്താന്മാര്ക്കും കഷ്ടകാലം തന്നെ.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല