1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

പാര്‍ട്ടിക്ക്‌ വിശ്വസ്തനായ കൊലയാളി സംഘാംഗത്തിന്റെകൂടി മൊഴി എതിരായ സാഹചര്യത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഉന്നതന്റെ കുരുക്ക്‌ കൂടുതല്‍ മുറുകുന്നു. മുന്‍ എംഎഎല്‍എയും ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവുമായ ഈ ഉന്നതന്റെ പങ്ക്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഏഴംഗ കൊലയാളി സംഘത്തിലെ പിടിയിലായ പാനൂര്‍ സ്വദേശി എം.സി. അനൂപിന്റെ ഏറ്റുപറച്ചില്‍ ഇത്‌ അടിവരയിടുകയാണ്‌.

സംസ്ഥാനത്തെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തരില്‍ ഒരാളായ കണ്ണൂര്‍ ജില്ലയിലെ ഈ ഉന്നതന്റെ സ്വന്തം നാട്ടുകാരനാണ്‌ ടി.പി.ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിലെ പ്രധാനിയായ ടി.കെ.രജീഷ്‌. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ്‌ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന്‌ പിടിയിലായ ടി.കെ.രജീഷ്‌ പോലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം ടി.കെ. കുഞ്ഞനന്തനാണ്‌ ഇതിനായി മുംബൈയിലായിരുന്ന തന്നെ നാട്ടിലേക്ക്‌ വിളിച്ചുവരുത്തിയതെന്നും രജീഷ്‌ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള സൂത്രധാരനായി പ്രവര്‍ത്തിച്ചതെന്ന്‌ രജീഷ്‌ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പാനൂര്‍ സ്വദേശിയായ എം.സി. അനൂപ്‌ ഇക്കാര്യം പ്രത്യേക അന്വേഷണസംഘത്തിന്‌ മുന്നില്‍ ഏറ്റുപറയുകയായിരുന്നു.

മുന്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും സ്വന്തം നാട്ടുകാരനുമായ തിരശ്ശീലക്ക്‌ പിന്നിലുള്ള ഈ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരം ടി.കെ രജീഷ്‌ ഇതിന്‌ മുമ്പും രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നാണ്‌ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്ന കാര്യങ്ങള്‍. 1999 ഡിസംബര്‍ ഒന്നിന്‌ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍മാസ്റ്ററെ ക്ലാസ്‌ മുറിയില്‍ ക്രൂരമായി വെട്ടികൊന്നതും ഈ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവത്രെ. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലില്‍ കൊലയാളി സംഘാംഗമായ ടി.കെ.രജീഷ്‌, കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നു. ഇത്തരത്തില്‍ നാലോളം കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക്‌ വേണ്ടി നേരിട്ട്‌ പങ്കെടുത്തിട്ടും ടി.കെ.രജീഷിന്റെ പങ്ക്‌ പുറത്താരുമറിഞ്ഞില്ല. പാര്‍ട്ടി നേതൃത്വം പോലീസിന്‌ കൊടുക്കുന്ന കൊലയാളിസംഘത്തിന്റെ ലിസ്റ്റില്‍ ഒരിക്കല്‍പോലും രജീഷിന്റെ പേര്‌ വന്നതുമില്ല.

പാര്‍ട്ടി ഉന്നതന്റെ രജീഷിനോടുള്ള പ്രത്യേക താല്‍പര്യമാണ്‌ ഇതിന്‌ കാരണമത്രേ. ഇതുകൊണ്ട്‌ തന്നെയാകാം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ രജീഷ്‌ സംഭവത്തില്‍ കുഞ്ഞനന്തന്റെ പങ്ക്‌ മാത്രം വ്യക്തമാക്കിയത്‌. എന്നാല്‍ പാര്‍ട്ടിയിലെ ഈ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം ടി.കെ.കുഞ്ഞനന്തന്‍ പ്രവര്‍ത്തിച്ചതെന്നാണ്‌ പാനൂര്‍ സ്വദേശികൂടിയായ ടി.പി. വധക്കേസിലെ കൊലയാളി സംഘാംഗം എം.സി. അനൂപിന്റെ വെളിപ്പെടുത്തല്‍. സിപിഎമ്മില്‍ നിന്നും പുറത്ത്‌ പോയ ടി.പി. ചന്ദ്രശേഖരനെയും സംഘത്തേയും പാര്‍ട്ടിയിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയെന്ന്‌ പാര്‍ട്ടി സെക്രട്ടരി പിണറായി വിജയന്‍ പറഞ്ഞ വ്യക്തി എം.സി. അനൂപ്‌ വെളിപ്പെടുത്തിയ ഈ ഉന്നതനാണെന്ന്‌ കൂടി വ്യക്തമാകുമ്പോള്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മുള്‍മുനയിലാവുകയാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.