1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 76 പ്രതികള്‍ക്കെതിരെയാണ്‌ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്‌.ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിന്‌ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തും എന്ന വിരോധമാണ്‌ അദ്ദേഹത്തിന്റെ വധത്തിലേക്ക്‌ നയിച്ചത്‌ എന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ആര്‍എംപി വെല്ലുവിളിയായി വളര്‍ന്നു വരുന്നതും, ഈ മേഖലകളില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ നിലനിന്ന സംഘര്‍ഷം എന്നിവയാണ്‌ ടിപിയെ കൊലപ്പെടുത്തുന്നതിലേക്ക്‌ നയിച്ചത്‌ എന്നും കുറ്റപത്രത്തില്‍ പറയുന്നു.
വടകര ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ എം ഷുഹൈബിന്‌ മുമ്പാകെയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. പ്രതികള്‍ക്കുള്ള കോപ്പികള്‍ ഉള്‍പ്പെടെ ആകെ എണ്‍പതിനായിരത്തിലധികം പേജുകളാണ്‌ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.

ഏഴു പേരാണ്‌ കൊലയാളി സംഘത്തിലുണ്ടായിരുന്നത്‌ എന്നും ഇതിലെ അഞ്ചു പേരാണ്‌ മെയ്‌ അഞ്ചിന്‌ രാത്രി ടിപിയെ കൊലപ്പെടുത്തിയത്‌ എന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന്‌ ഒന്‍പതു പേര്‍ സഹായിച്ചു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.എംസി അനൂപ്‌, കിര്‍മാണി മനേജ്‌, കൊടി സുനി, ടികെ രജീഷ്‌, മുഹമ്മദ്‌ ഷാഫി, സിജിത്‌, ഷിനോജ്‌ എന്നിവരാണ്‌ കേസിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.

കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെ ഉള്ള കുറ്റങ്ങളാണ്‌ പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. കേസിലെ എട്ടാം പ്രതി സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെസി രാമചന്ദ്രനാണ്‌.
പാര്‍ട്ടിയുടെ ഒഞ്ചിയം ഏരിയ കമ്മറ്റി സെക്രട്ടറി സിഎച്ച്‌ അശോകന്‍ ഒന്‍പതാം പ്രതിയും ഏരിയാ കമ്മറ്റിയംഗം കെകെ കൃഷ്‌ണന്‍ പത്താംപ്രതിയും, പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പികെ കുഞ്ഞനന്തന്‍ പതിമൂന്നാം പ്രതിയും, കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന്‍ പതിന്നാലാം പ്രതിയുമാണ്‌.

അറിഞ്ഞുകൊണ്ട്‌ കൊലപാതകം മറച്ചു വെച്ചു എന്ന കുറ്റം ചുമത്തി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം കാരായി രാജനെ ഇരുപത്തിയാറാം പ്രതിയാക്കിയിട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.