സ്വന്തം ലേഖകന്‍: അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്, മൂന്നു ലക്ഷം വരെ ആദായ നികുതിയില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളുമായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്.
സാധാരണക്കാരായ നികുതി ദായകര്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ നോട്ട് നിരോധനം വലിയ വിജയമായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നു. നോട്ട് നിരോധനത്തിനന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു ജയറ്റ്‌ലി പ്രസംഗം ആരംഭിച്ചത്.
201617 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. 201718 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് ഇത് 7.6 ശതമാനമായും 20182019 ആകുമ്പോഴേക്ക് ഇത് 7.8 ശതമാനമായും ഉയരുമെന്ന പ്രത്യാശയും ജെയ്റ്റ്!ലി പ്രകടിപ്പിച്ചു. ഗ്രാമീണ മേഖലയ്ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തിയ ബജറ്റ് മൂന്നു ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കി. മൂന്ന് ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5% ആയിരിക്കും നികുതി. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവര്‍ക്ക് 10% സര്‍ചാര്‍ജ്. ഒരു കോടിക്കു മേല്‍ വരുമാനമുള്ളവര്‍ക്ക് 15% സര്‍ചാര്‍ജ്. എല്ലാ നികുതി ദായകര്‍ക്കും 12,500 രൂപ വരെ നികുതിയില്‍ കുറവ് ലഭിക്കും.
കള്ളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാനുള്ള നടപടിയുടെ ഭാഗമായി ഒരാളില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടിക്ക് സംഭാവന സ്വീകരിക്കാന്‍ കഴിയുന്ന തുക 2000 മാക്കി നിജപ്പെടുത്തി. ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണ ഇടപാട് നടത്താനാകു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ട്രല്‍ ബോണ്ടുകളും പ്രഖ്യാപിച്ചു.
മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകളില്‍ തുക പണമായി കൈമാറുന്നതിന് വിലക്ക്. ഇതിനായി ഫിനാന്‍സ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കള്ളപ്പണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള തുക പണമായി കൈമാറുന്നത് വിലക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.
50 കോടി രൂപ വരെ ടേണ്‍ഓവറുള്ള കമ്പനികളുടെ വരുമാന നികുതി 25% ആക്കി. രാഷ്ട്രീയ കക്ഷികളുടെ സംഭാവനകള്‍ ചെക്ക്, ഡിജിറ്റല്‍ വഴിയാക്കും. ഇതിനായി ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരും. നോട്ട് പിവലിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആദായ നികുതി വരുമാനത്തില്‍ 35% വര്‍ധനവുണ്ടായെന്നും ജെയ്റ്റ്‌ലി അറിയിച്ചു. 21.47 ട്രില്യണ്‍ രൂപയുടെ ബജറ്റാണ് ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയ്ക്ക് 2.74 കോടി രൂപ അനുവദിച്ചു.3.2% ധനകമ്മിയാണ് പ്രതീക്ഷിക്കുന്നതെന്നും ബജറ്റില്‍ പറയുന്നു. വന്‍കിട പദ്ധതികളോ ജനകീയ പ്രഖ്യാപനങ്ങളോ ജെയ്റ്റ്‌ലി നടത്തിയില്ലെന്നതും ശ്രദ്ധേയമായി.
റയില്‍വേയുടെ വികസനത്തിനായി ജനപ്രിയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. വരുന്ന രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോ ടോയിലെറ്റ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ഐ.ആര്‍.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഇനിമുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതല്ലെന്നും ബജറ്റില്‍ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല