1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2017

സ്വന്തം ലേഖകന്‍: എത്ര പണം തിരിച്ചെത്തി പ്രതിസന്ധി എന്നു തീരും ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റ് സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നിലാണ് ബാങ്കുകളില്‍ എത്ര പണം തിരിച്ചെത്തിയെന്ന് അറിയില്ലെന്നു ഗവര്‍ണര്‍ മറുപടി പറഞ്ഞത്. നോട്ട് നിരോധന നടപടികളെക്കുറിച്ചു കേന്ദ്രം ആര്‍.ബി.ഐയുമായി കഴിഞ്ഞ വര്‍ഷം ജനുവരിയിലേ ചര്‍ച്ച തുടങ്ങിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കറന്‍സി നിരോധന തീരുമാനം ആരുടേതായിരുന്നു എന്നതടക്കമുള്ള സുപ്രധാന ചോദ്യങ്ങള്‍ കോണ്‍ഗ്രസ് അംഗം വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഉന്നയിച്ചു. എന്നാല്‍, പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. നിലവിലെ പ്രതിസന്ധി എന്ന് അവസാനിക്കുമെന്നു പറയാനും ആര്‍.ബി.ഐ. ഗവര്‍ണര്‍ക്കായില്ല.

നോട്ടുമാറ്റത്തിലൂടെ എത്ര രൂപ തിരിച്ചെത്തി, എത്ര തുകയ്ക്കുള്ള അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് തിരിച്ചു വിപണിയിലേക്ക് ഇറക്കിയത് തുടങ്ങിയ ചോദ്യങ്ങളും സമിതിയംഗങ്ങള്‍ ഉയര്‍ത്തി. നോട്ട് നിരോധനത്തെ ചരിത്രപരമായ മണ്ടത്തരമെന്നു വിലയിരുത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ സമിതിയിലെ ബി.ജെ.പി. അംഗങ്ങള്‍ കാര്യമായ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല.

ധനകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ അവതരണം നടത്തിയെങ്കിലും ചില ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ധനമന്ത്രാലയം സാവകാശം തേടി. നവംബര്‍ എട്ടിനുണ്ടായ നോട്ടുനിരോധനത്തിനു ശേഷം 9.2 ലക്ഷം കോടി പുതിയ കറന്‍സി നോട്ടുകള്‍ ഇറക്കിയെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ പാര്‍ലമെന്റ് സമിതിയെ അറിയിച്ചു.സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ബാങ്കിങ് സെക്രട്ടറി ഹസ്മുഖ് ആദിയ എന്നിവരും ബാങ്കിങ് രംഗത്തെ കുലപതികളായ ചന്ദ കൊച്ചാര്‍ (ഐ.സി.ഐ.സി.ഐ.), ആനന്ദ സുബ്രഹ്മണ്യന്‍ ( പഞ്ചാബ് നാഷണല്‍ ബാങ്ക്) തുടങ്ങിയവരും പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരായി.

നാളെ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന്റെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ ആര്‍.ബി.ഐ. ഗവര്‍ണര്‍ ഹാജരാകും. നേരത്തെ പാര്‍ലിമെന്ററി ധനകാര്യ സമിതിക്ക് മുമ്പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാജരാവണമെന്ന് സമിതി ചെയര്‍മാന്‍ കെ.വി.തോമസ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് സമിതിയിലെ ബി.ജെ.പി അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

നോട്ട് പിന്‍വലിക്കലിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് ആര്‍.ബി.ഐ നേരിടേണ്ടി വന്നത്. റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകരുന്നതിന് നോട്ട് പിന്‍വലിക്കല്‍ ഇടയാക്കിയെന്ന വിമര്‍ശനം ബാങ്കിന് നേരിടേണ്ടി വന്നു. റിസര്‍വ് ബാങ്കിന്റെ അധികാരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നു കയറുകയാണെന്ന വിമര്‍ശനം റിസര്‍വ് ബാങ്ക് ജീവനക്കാര്‍ തന്നെ ഉന്നയിച്ചു. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കിലെ വിവിധ തൊഴിലാളി സംഘടനകള്‍ ഊര്‍ജിത് പട്ടേലിന് കത്തയച്ചതും വാര്‍ത്തയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.