1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

ക്രിസ്റ്റി അരഞ്ഞാണി,സ്റ്റോക് ഓണ്‍ ട്രെന്‍റ്

ഈയിടെ മാഞ്ചസ്റ്ററില്‍ വച്ച് നടന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു വിഭാഗം നടത്തിയ പ്രഥമസമ്മേളനത്തില്‍ ഏതു ഗ്രൂപ്പാണ് ശരിയെന്ന് സാക്ഷാല്‍ ഹൈകമാന്‍ഡ് തന്നെ ടോസ് ചെയ്ത് നോക്കിയാലും കണ്ടെത്താനായില്ല. യുക്മയുടെ ചില ദേശീയ നേതാക്കന്മാരും മേഖലാ ഭാരവാഹികളും അസോസിയേഷനില്‍ നിന്ന് പറഞ്ഞയച്ച ചില പ്രതിനിധികളും പങ്കെടുത്തത് തികച്ചും അനൌപചാരികവും കടുത്ത അപരാധവുമാണ്.

കാരണം യുക്മയില്‍ വിശ്വാസമര്‍പ്പിച്ച ഞങ്ങളെപ്പോലെ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അസോസിയേഷനുകളോടും അംഗങ്ങളോടും ചെയ്യുന്ന ഒരു ഒറ്റിക്കൊടുക്കലാണ് അല്ലെങ്കില്‍ ചതിയാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ യുക്മ എന്നാല്‍ യൂണിയന്‍ ഓഫ് യുണൈറ്റഡ് കേരളാ പൊളിറ്റിക്സ് മാഫിയാ അസ്സോസിയേഷന്‍ എന്ന് മാറ്റി എഴുതേണ്ടതായി വരും.

സാധാരണ നമ്മള്‍ തളയ്ക്കാറുള്ളത് മദംപൊട്ടിയ ആനയെ അല്ലെങ്കില്‍ പേപിടിച്ച പട്ടിയെ ആണ്. പണ്ട് കാലത്ത് ഭ്രാന്ത് പിടിച്ച മനുഷ്യരെയും തളയ്ക്കാറുണ്ട്. ഇങ്ങനെയുള്ള ഭ്രാന്തന്മാരെയാണ് നാം ഇവിടെ തളയ്ക്കേണ്ടത്. ഇതും ഒരുതരം ഭ്രാന്താണ്, അധികാരഭ്രാന്ത് എന്നു വിളിക്കും.

നിങ്ങള്‍ക്ക് അല്പമെങ്കിലും അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ കോട്ടും സൂട്ടും അണിഞ്ഞ ചില മിടുക്കന്മാര്‍ അടുക്കള വാതിലിലൂടെ പാര്‍ട്ടി സമ്മേളനത്തിന്റെ വേദിയില്‍ പ്രവേശിക്കില്ലായിരുന്നു. നിങ്ങള്‍ ആരെ പേടിക്കണം. സ്ഥാനമാനങ്ങള്‍ രാജിവച്ചിട്ട് അന്തസ്സോടെ മുന്‍വാതിലിലൂടെ കടന്നുകൂടെ. ഇതിലും ഭേദം ഇക്കൂട്ടര്‍ തങ്ങളുടെ കഴുത്തില്‍ കിടക്കുന്ന കുരുക്ക് (ടൈ) സ്വയം മുറുക്കുകയായിരുന്നു.

യുക്മയുടെ നിയമാവലിയില്‍ നിങ്ങളുടെ നിയമങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയമോ ബിസിനസ്സോ ഉള്ള വ്യക്തിയാണെങ്കില്‍ യുക്മയുടെ സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ യോഗ്യതയില്ല. ഇത് ഞങ്ങള്‍ നിയമനിര്‍മ്മാണം നടത്തിയതല്ല. നിങ്ങള്‍ തന്നെ ചര്‍ച്ച ചെയത് തീരുമാനിച്ചതാണ്. ജനം കഴുതയാണെന്ന് ആരും വിചാരിക്കരുത്.

ഒരുപക്ഷേ, നിങ്ങള്‍ക്ക് വാദിക്കാനുണ്ടാകും, ഞങ്ങള്‍ കക്ഷിരാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ വഹിക്കുന്നില്ല, പങ്കുകൊണ്ടതേയുള്ളൂ എന്ന്. ഇപ്പോള്‍തന്നെ യുക്മയിലുള്ള ചില നേതാക്കള്‍ ഒരു കക്ഷിരാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ ഔദ്യോഗികമായി വഹിക്കുന്നുണ്ട്. ചിലര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ സംഭരിക്കുവാന്‍ തങ്ങളുടെ കടിക്കാത്ത നായ്ക്കളെ കാവല്‍നായ്ക്കളായി നിര്‍ത്തിയിട്ടുണ്ട്. ചിലര്‍ ക്യാമറയ്ക്കും വീഡിയോയ്ക്കും പിറകില്‍ ഇപ്പോള്‍ ഒളിച്ചിരുന്ന് ചരട് വലിക്കുന്നു. വരുംനാളുകളില്‍ ഇക്കൂട്ടര്‍ ക്യാമറയുടെയും വീഡിയോയുടെയും മുന്നിലേ പ്രത്യക്ഷപ്പെടുകയുള്ളൂ.

യുക്മയുടെ ചില ദേശീയനേതാക്കന്മാര്‍ രണ്ടും കല്പിച്ച് ക്യാമറയുടെയും വീഡിയോയുടെയും അതുപോലെ നാട്ടില്‍ നിന്നും വിളിച്ചുവരുത്തിയ വിശുദ്ധ അപ്പസ്തോലന്റെ തോളോടുരുമ്മി നടക്കുന്നു

. ആരെയെങ്കിലും വിമര്‍ശിക്കുന്നതിന് വേണ്ടി അവര്‍ ദാഹിക്കുകയാണ്. എന്നാല്‍ അതിന്റെ പേര് പറഞ്ഞ് രക്തസാക്ഷിത്വം വഹിച്ച് സഹതാപം പിടിച്ചുപറ്റി ഇപ്പോള്‍ മുന്‍നിരയില്‍ എത്തിയ നേതാക്കന്മാരെ പാലം വലിച്ച് തലപ്പത്ത് സൂത്രത്തില്‍ കയറ്റാം എന്ന് ചിന്തിക്കുന്നു. ഇപ്പോള്‍ യുക്മയില്‍ തങ്ങളുടെ ചെപ്പടിവിദ്യ വിലപ്പോകുന്നില്ലെന്ന് അവര്‍ സ്വയം വിലയിരുത്തിക്കണ്ടു. സ്വയംവിലയിരുത്തല്‍ ഏതൊരു നേരമെങ്കിലും നല്ലതാണ്.

നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കൂ. കേരളാമുഖ്യമന്ത്രി സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്താല്‍ നിങ്ങള്‍ എന്തുപറയും. അല്ലെങ്കില്‍ ഹൈകമാന്‍ഡ് ബിജെപി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്താല്‍ വേണമെങ്കില്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ ബര്‍ത്ത്ഡേ പാര്‍ട്ടിയല്ലേ, കല്യാണത്തിനോ പങ്കെടുക്കാം. അത്രയ്ക്കും വിവരവും വിവേകവും നിങ്ങളെപ്പോലുള്ളവര്‍ക്കില്ലേ. ഒന്നുമല്ലെങ്കിലും പ്രസ്ഥാനത്തനു വേണ്ടി ചുക്കാന്‍ പിടിച്ചതല്ലേ. നിങ്ങളുടെ പ്രായോഗികബുദ്ധി എവിടെപ്പോയി. അതോ നിങ്ങളെപ്പോലെയുള്ള നേതാക്കന്മാര്‍ കപടരാഷ്ട്രീയക്കാരുടെ ഉപജാപകസംഘത്തില്‍ അടിമപ്പെട്ടുപോയോ?

ഞങ്ങള്‍ യുക്മയില്‍ അംഗമായ അസോസിയേഷന്‍ന്റെ പ്രവര്‍ത്തകരാണ്. ഞങ്ങളെപ്പോലുള്ളവര്‍ ഇപ്പോള്‍ വളരെയധികം നിരാശരാണ്. ഞങ്ങളുടെ അംഗങ്ങള്‍ക്ക് നിങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് എന്തു മറുപടി നല്‍കും. യുക്മ ശക്തിയായി വളരേണ്ടതിന്റെ ആവശ്യകത ഇന്ന് ഏത് കൊച്ചു കുട്ടിക്കു വരെയറിയാം. കഴിഞ്ഞ രണ്ട് ദേശീയകലാമേള നടത്തി നമ്മുടെ കുട്ടികള്‍ക്ക് ആശകൊടുത്ത് അവര്‍ ലക്ഷ്യത്തില്‍ എത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരെ നിരാശരാക്കാന്‍ വേണ്ടിയാണോ അതോ സ്വയം ഒരു വിവാദം സൃഷ്ടിച്ച് നിങ്ങളുടെ യുക്മ എന്ന പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത് കൂറുമാറ്റി ചവിട്ടുവാനാണോ നിങ്ങളുടെ ഉദ്ദേശ്യം. അതോ യുക്മയെ തട്ടിയെടുത്ത് കക്ഷിരാഷ്ട്രീയ പാര്‍ട്ടിയില്‍ തളയ്ക്കാനാണോ നിങ്ങള്‍. ഒന്നോര്‍ക്കണം ഞാനുള്‍പ്പെടെ എല്ലാ മലയാളികള്‍ക്കും രാഷ്ട്രീയ പാരമ്പര്യങ്ങളും വിശ്വാസങ്ങളും ഉണ്ട്. അവരെല്ലാവരും വിഡ്ഢികളാണെന്ന് വിചാരിക്കരുത്.

യുക്മ എന്നാല്‍ പല അസോസിയേഷനുകളുടെ ഒരു കൂട്ടായ്മയാണ്. നേരിട്ട് ഒരു വ്യക്തിയോ കുടുംബമോ യുക്മയില്‍ അംഗമല്ലെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മവേണം. അല്ലെങ്കില്‍ ഞങ്ങളായിരിക്കണം ഈ പ്രസ്ഥാനത്തിന്റെ അവസാനത്തെ നേതാവ് ഇനി ആരും ആ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന് വിലസേണ്ട എന്ന് കരുതില്ല. അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് നമുക്ക് യുക്മ ശക്തിപ്പെടുത്തിക്കൊണ്ട് നമ്മുടെ കുടുംബത്തിന്റെയും കുട്ടികളുടെയും സമൂഹത്തിന്റെയും കലാകായികസാമൂഹിക സാംസ്കാരിക വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പൊരുതാം, പരിശ്രമിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.