യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സിന്റെ നാഷണല്‍ കലാമേളക്ക് ആമുഖമായി യുക്മയുടെ 8ല്‍ 6 റീജിയനുകളിലും കലാമേളകള്‍ നടന്നു കഴിഞ്ഞു. അവശേഷിക്കുന്ന 2 റീജിയണല്‍ കലാമേളകള്‍ കൂടി ഈയാഴ്ച നടക്കുന്നതോടെ യുക്മ നാഷണല്‍ കലാമേളയില്‍ മല്‍സരിക്കുവാനുള്ളവരുടെ പൂര്‍ണ്ണമായ ലിസ്റ്റ് ലഭ്യമാകും. അവയെ സൗത്തെന്‍ഡ് ഓണ്‍ സീയിലെ നാലു സ്‌റ്റേജുകളിലായി വിന്യസിച്ച് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ശ്രമകരമായ ജോലിക്കു തുണയായി പുതിയ മുഖത്തോടെ യുക്മ വെബ് സൈറ്റും രംഗത്തെത്തിയിരിക്കുന്നു.
ഓരോ റിജിയനുകളിലും നിന്ന് നാഷണല്‍ കലാമേളയില്‍ മല്‍സരിക്കുന്നതിന് അര്‍ഹത നേടിയിട്ടുള്ള മല്‍സരാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ യുക്മയുടെ www.uukma.org എന്ന വെബ് സൈറ്റില്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്. എല്ലാ അസ്സോസിയേഷനുകള്‍ക്കും മല്‍സരാര്‍ത്ഥികള്‍ക്കും ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ അറിയാവുന്നതാണ്. മല്‍സര കാര്യങ്ങളും നാഷണല്‍ കലാമേള പ്രോഗ്രാം ചാര്‍ട്ടും വെബ് സൈറ്റില്‍ കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് യുക്മ വൈസ് പ്രസിഡന്റും നാഷണല്‍ കലാമേള കോര്‍ഡിനേറ്ററുമായ വിജി കെ പി അറിയിച്ചു.
ഓരോ സ്‌റ്റേജിലും നടക്കുന്ന മല്‍സരങ്ങളും അവ നടക്കുന്ന സമയവും എല്ലാം വെബ് സൈറ്റില്‍ കൊടുക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 36 ഇനങ്ങളില്‍ 300ല്‍ അധികം മല്‍സരങ്ങളിലായി 600-ഓളം കലാകാരന്മാര്‍ മാറ്റുരയ്ക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷനും ആതിഥേയത്വം അരുളുന്ന ഈ മഹാമേള ആവേശത്തിന്റെ അലയിളക്കം യുകെയിലുടനീളം ഉയര്‍ത്തിക്കഴിഞ്ഞു.
നവംബര്‍ 5ന് സൗത്തെന്‍ഡ് ഓണ്‍ സീയില്‍ വച്ചു നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ ഭരതനാട്യവും, ഒപ്പനയും, മാര്‍ഗ്ഗം കളിയും സിനിമാറ്റിക് ഡാന്‍സുമെല്ലാം അണിനിരക്കും. വിശദവിവരങ്ങള്‍ക്ക് www.uukma.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല