1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

കേരളത്തിലെ പ്രമുഖ ജില്ലകളില്‍ ഒന്നായ വയനാടിന്റെ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന വയനാട് ജില്ലക്കാരുടെ കൂട്ടായ്മ തീരുമാനിച്ചു. യുകെയിലെ വയനാട് ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ ആണ് വയനാടിന്റെ വിവിധ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ഇതിന്റെ ഭാഗമായി വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെയുടെ പിആര്‍ഓ ആയ ബെന്നി വര്‍ക്കി പെരിയപ്പുറം വയനാട്ടിലെ ജനപ്രതിനിധിയും വനിതാ മന്ത്രിയുമായ പി. കെ. ജയലക്ഷ്മി, ബത്തേരി എംഎല്‍എയായ ഐ.സി. ബാലകൃഷ്ണന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസ് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി നിവേദനം നല്‍കി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുകെയില്‍ വയനാട് സംഗമം എന്ന പേരില്‍ വയനാട് സ്വദേശികളുടെ കൂട്ടായ്മ സംഘടിപ്പിക്കുകയും വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം മേയില്‍ നടന്ന സംഗമത്തിലാണ് വയനാട് ജില്ലയുടെ വികസനത്തില്‍ പ്രവാസികള്‍ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന ചര്‍ച്ച ഉയര്‍ന്ന് വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ രാജന്‍ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തത്. വയനാടന് അനുയോജ്യമായ ടൂറിസം വികസനത്തിനാണ് കമ്മറ്റി പ്രാധാന്യം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി നിവേദനം നല്‍കാന്‍ തീരുമാനിച്ചത്.

ടൂറിസം രംഗത്ത് ഉള്‍പ്പെടെ വിവിധ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പരിഗണിക്കുമെന്ന് മന്ത്രി ജയലക്ഷ്മിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ര് കെ. എല്‍. പൗലോസും വ്യക്തമാക്കി. പദ്ധതികളെ കുറിച്ചുളള പ്രവാസികളുടെ നിര്‍ദ്ദേശങ്ങള്‍ അവ നടപ്പിലാക്കുമ്പോള്‍ പരിഗണിക്കുമെന്നും ഇരുവരും ഉറപ്പ് നല്‍കി. സംഘടനയുടെ നിവേദനത്തിലെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി ജയലക്ഷ്മി അറിയിച്ചു. കണ്ണൂരിലേയും മൈസൂരിലേയും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വയനാടിന്റെ ടൂറിസം രംഗത്ത് വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

ജില്ലയിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഉടന്‍ കമ്മിറ്റി വിളിച്ചുകൂട്ടുമെന്ന് ജനറല്‍ കണ്‍വീനര്‍ രാജന്‍ വര്‍ഗ്ഗീസ് അറിയിച്ചു. സജിമോന്‍ രാമച്ചനാട്, ജോണ്‍സണ്‍ ചാക്കോ, റൂബി മേക്കര, ജോര്‍ജ്ജ്, ഷാജി ജോസഫ് എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.