1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

മഞ്ചേരി അരീക്കോട് കുനിയിലെ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ കൊളക്കാടന്‍ ആസാദ് എന്നിവരുടെ കൊലപാതകത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എയുടെ പങ്ക് വ്യക്തമായിട്ടും ലീഗ് സമ്മര്‍ദത്താല്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വെള്ളിയാഴ്ച വൈകുന്നേരം കുനിയില്‍ ഇവരുടെ തറവാട്ടുവീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ. ബഷീര്‍ എം.എല്‍.എയുടെ പങ്ക് കേസിന്റെ എഫ്.ഐ.ആറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ലീഗിന്റെ സഹായത്തോടെ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സമരം തുടരുമെന്നും വി.എസ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ പിതാവ് ഗുലാം ഹുസൈനുമായി വി.എസ് അരമണിക്കൂറോളം സംസാരിച്ചു. താന്‍ പഴയ കമ്യൂണിസ്റ്റ്കാരനാണെന്നും മുസ്ലിം ലീഗിന് തന്നോട് ഏതെങ്കിലും വിധത്തില്‍ ശത്രുത ഉണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം വി.എസിനെ അറിയിച്ചു.
പി.കെ. ബഷീറിനെതിരെ തന്റെ സഹോദരിപുത്രന്‍ പി.വി. അന്‍വര്‍ മത്സരിച്ചിരുന്നു. എല്ലാ അര്‍ഥത്തിലും തെരഞ്ഞെടുപ്പില്‍ സഹായിക്കുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ് കേസില്‍ തന്റെ മകന്റെ ഭാര്യ പി.കെ. ബഷീറിനെതിരെ സാക്ഷി പറഞ്ഞതിന്റെ വിദ്വേഷം ഉണ്ടാവാനിടയുണ്ട്. എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയായി പരാമര്‍ശിക്കുന്നത്തന്നെ മുസ്ലിം ലീഗിന്റെ നിയോജക മണ്ഡലം ഭാരവാഹിയെയാണെന്നും കൊളക്കാടന്‍ ഗുലാം ഹുസൈന്‍ വി.എസിനോട് പറഞ്ഞു. മുസ്ലിം ലീഗിന്റെയും എം.എല്‍.എയുടെയും പങ്ക് വ്യക്തമായതിനാലാണ് തങ്ങള്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചതെന്നും പ്രതികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും ശ്രമം നടത്തുമെന്നും വി.എസ് കുടുംബാംഗങ്ങളോട് പറഞ്ഞു. കുനിയിലെ തറവാട്ടു വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന് സംസാരിച്ച ശേഷം അകത്ത് കയറി വീട്ടുകാരെയും കണ്ട് ആശ്വസിപ്പിച്ചാണ് വി.എസ് മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.