1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2012

സങ്കടങ്ങള്‍ കേട്ടറിഞ്ഞ് ഒടുവില്‍ വി.എസ്. മൂന്നിലവിനടുത്തുള്ള വെള്ളറയിലെത്തി. മേലുകാവ്മറ്റം തൊടുപുഴ റൂട്ടിലെ കാഞ്ഞിരം കവലയില്‍ മലയരയ സംരക്ഷണസമിതി ഭാരവാഹികളും സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം വി.ആര്‍. ഭാസ്‌കരന്‍, പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി ജോയി ജോര്‍ജ്ജ് എന്നിവരും മാധ്യമപ്രവര്‍ത്തകരും അസംഖ്യം നാട്ടുകാരും രാവിലെ മുതല്‍ കാത്തുനില്ക്കുകയായിരുന്നു. സ്വീകരിക്കാന്‍ ചെണ്ടമേളക്കാരും. വി.എസ്. എത്തി. കവലയില്‍ ചെറിയൊരു സ്വീകരണം. അതുകഴിഞ്ഞ് വെള്ളറയിലേക്ക് തിരിച്ചു. പോലീസിന്റേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വി.എസ്സിനെ അനുഗമിച്ചു.
ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന്റെ കൂടി ഉടമസ്ഥതയിലുള്ള പി.വി. ഗ്രാനൈറ്റ്‌സിലായിരുന്നു ആദ്യ സന്ദര്‍ശനം. അവിടേക്കുള്ള പ്രധാന ഗേറ്റ് തുറന്നിട്ടിരുന്നെങ്കിലും മുന്നില്‍ സഞ്ചരിച്ച പോലീസ് ജീപ്പ് അത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. പിന്നാലെ വി.എസ്സിന്റെ കാറും. മറ്റൊരു ഗേറ്റുണ്ടെന്ന് ആരോ ധരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ആ ഗേറ്റാകട്ടെ തുറന്നിരുന്നുമില്ല. പിന്നീട് വി.എസ്. തിരികെ വന്നു. പ്രാധാന ഗേറ്റിനടുത്ത് ഇറങ്ങി. കാത്തു നിന്ന ജനങ്ങള്‍ മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം ഉടന്‍തന്നെ അപേക്ഷയായി മാറി. ‘പ്രിയ വി.എസ്സേ ഈ പാവങ്ങളെ രക്ഷിക്കൂ, അങ്ങ് ഞങ്ങളുടെ രക്ഷകനാണ്’ എന്നിങ്ങനെയായിരുന്നു അത്.
സന്ദര്‍ശനം പ്രമാണിച്ച് പാറമടയിലേക്കുള്ള വഴി ഉടമകള്‍ വൃത്തിയാക്കി ഇട്ടിരുന്നു. വഴിയുടെ തുടക്കത്തില്‍ വി.എസ്സിന്റെ വലിയ ചിത്രം പതിച്ച ബോര്‍ഡ്. ഉടമകളും ജീവനക്കാരും കൂടിവച്ചതാണ്. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ: ‘ബഹു പ്രതിപക്ഷ നേതാവ് സ.വി.എസ്. അച്യുതാനന്ദന് സ്വാഗതം. അങ്ങ് സത്യംകണ്ട് ബോധ്യപ്പെട്ട് തുറന്നുപറയണം. അങ്ങേക്കേ അത് സാധിക്കൂ’. ബോര്‍ഡ് വി.എസ്. കണ്ടോ എന്നുറപ്പില്ല. മലയരയ സംരക്ഷണ സമിതിയില്‍ പെട്ട ചിലര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. വേനലിലും ധാരാളം വെള്ളം കിട്ടിയിരുന്ന, ‘വെള്ളത്തിന്റെ അറ’ യായ വെള്ളറയിലെ ഇപ്പോഴത്തെ ജലദൗര്‍ലഭ്യത്തെക്കുറിച്ചും മറ്റും പറഞ്ഞത് വി.എസ്. സശ്രദ്ധം കേട്ടു. ഷോണ്‍ജോര്‍ജ്ജും കൂട്ടരും അവിടെയുണ്ടായിരുന്നു.
അവിടെനിന്ന് സമീപത്തെ മറ്റൊരു മടയിലേക്ക്. ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ബിനാമിയാണ് മങ്കൊമ്പ് ഗ്രാനൈറ്റ് എന്ന ഈ മട നടത്തുന്നതെന്ന് ആരോപണമുണ്ട്. ചെങ്കുത്തായ മലയായിരുന്നു ഈ മട. പൊട്ടിക്കുമ്പോള്‍ കല്ലുതെറിച്ച് ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ മടയുടെ നടത്തിപ്പുകാരില്‍ ചിലര്‍ വി.എസ്സിനെ കണ്ട് തങ്ങളാണ് ഇത് നടത്തുന്നതെന്ന് പറഞ്ഞു. ‘എന്നോടെന്തെങ്കിലും പറയാനുണ്ടോ’ എന്നായി അവരോട് വി.എസ്സിന്റെ ചോദ്യം. ‘പ്രത്യേകിച്ചൊന്നും പറയാനില്ല’ വിനയത്തോടെയുള്ള മറുപടി. വി.എസ്സും സംഘവും മടങ്ങി. തുടര്‍ന്നായിരുന്നു മൂന്നിലവിലെ പൊതുയോഗം. പാറമടപ്രശ്‌നം നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കരഘോഷത്തോടെ ജനം സ്വീകരിച്ചു. പരിസ്ഥിതി നശിപ്പിച്ചും ജനത്തെ ദ്രോഹിച്ചും പ്രകൃതിസമ്പത്ത് കൊള്ളയടിച്ചും ലക്ഷപ്രഭുക്കളാകാന്‍ നോക്കുന്നവരെ നേരിടുമെന്ന പ്രഖ്യാപനവും അവര്‍ക്ക് ആവേശമായി. സന്തോഷത്തോടെ അവര്‍ അദ്ദേഹത്തെ യാത്രയയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.