1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2015

മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ ഏറിയതിന്റെ ആരവങ്ങള്‍ ഒടുങ്ങും മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കി. യോഗേന്ദ്ര യാദവിനെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്നു കൂടി നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ഇരു നേതാക്കളേയും പുറത്താക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജി വക്കുന്നതായി അറിയിച്ച് കെജ്‌രിവാള്‍ നല്‍കിയ കത്ത് കമ്മിറ്റി നിരാകരിക്കുകയും ചെയ്തു.

അച്ചടക്ക ലംഘനം ആരോപിച്ചാണ് യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പുറത്താക്കിയത്. പാര്‍ട്ടി നേതൃത്വത്തിനയച്ച കെജ്‌രിവാളിനെ കുറ്റപ്പെടുത്തുന്ന കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതായിരുന്നു ഇരു നേതാക്കള്‍ക്കും എതിരെ ഉണ്ടായിരുന്ന ആരോപണം.

തൊട്ടുപിന്നാലെ ഒരു മാധ്യമ അഭിമുഖത്തില്‍ ആപ്പില്‍ ഏകാധിപത്യ പ്രവണത നടമാടുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. തെറ്റാണ് ചെയ്തതെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ യോഗേന്ദ്ര യാദവ് വെല്ലുവിളിക്കുകയും ചെയ്തു. രാഷ്ട്രീയ കാര്യ കമ്മിറ്റിയില്‍ തുടരാന്‍ താന്‍ യോഗ്യനല്ലെങ്കില്‍ പുറത്താക്കാന്‍ യാദവ് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഭരണത്തിലേറി അധികം ദിവസം കഴിയും മുമ്പ് നേതാക്കള്‍ തമ്മില്‍ തല്ലാനാരംഭിച്ചത് ആപ്പിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. വൈദ്യുത ചാര്‍ജ്ജ് കുറക്കുകയും സൗജന്യ കുടിവെള്ളം ലഭ്യമാക്കുകയും ചെയ്ത് വന്‍ പ്രതീക്ഷ നല്‍കുന്ന ഭരണത്തിന് തുടക്കമിട്ടതിന് പുറകെയാണ് പാര്‍ട്ടിയുടെ പ്രതിഛായക്കുതന്നെ മങ്ങലേല്‍പ്പിക്കുന്ന പുതിയ സംഭവ വികാസങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.