1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ തടയുന്നതിനായി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കർഫ്യൂ’ നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുത്. വീട്ടിൽത്തന്നെ തുടരണം.

വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കിൽ അതു കൃത്യമായി പാലിക്കണം. 65 വയസ്സിനു മുകളിലുള്ള എല്ലാവരും വീടിനു പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനം കരുതലോടെയിരിക്കണം.

ഇന്നു മുതൽ ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തിൽ ഓരോരുത്തരും ബോധവൽക്കരിക്കണം. ദിവസം 10 പേരെയെങ്കിലും ഫോൺ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം. വരുംദിവസങ്ങളിൽ ഓരോരുത്തരും ജനതാ കർഫ്യൂവിന്റെ ഭാഗമായുള്ള ബോധവൽക്കരണം പരസ്പരം നടത്തണം.

ഞായറാഴ്ച വൈകിട്ട് 5ന് അഞ്ചുമിനിറ്റ് നേരം കൊറോണക്കാലത്തു നമ്മുടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവർക്കു വേണ്ടി നന്ദി പറയാൻ സമയം കണ്ടെത്തണം. 5 മണിക്ക് ഇതിനായുള്ള സൈറൻ ലഭിക്കും. നന്ദി പ്രകടിപ്പിക്കാൻ ഏതുരീതി വേണമെങ്കിലും ഉപയോഗിക്കാം.

ലോക മഹായുദ്ധത്തേക്കാൾ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞു. കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണം. കൊറോണയിൽ നിന്നു രക്ഷനേടാൻ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല.

ഈ സാഹചര്യത്തിൽ ആശങ്ക സ്വാഭാവികമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളിൽ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കാതെ നോക്കുന്നതിൽ ഇന്ത്യയും ശ്രദ്ധാലുവാണ്.

ഈ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരായിരിക്കണം. രണ്ട് സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണം. സ്വയം രോഗം വരാതെ നോക്കും, മറ്റുള്ളവർക്കു രോഗം പകരാതെ നോക്കും. ഈ പ്രതിജ്ഞ മനസ്സിലുണ്ടാകണം. ഒപ്പം വീട്ടിൽ തുടരാനും ഐസലേഷൻ നിർദേശിക്കുമ്പോൾ അത് അനുസരിക്കാനുമുള്ള ക്ഷമ വേണം.

ഒരാൾക്ക് രോഗമില്ലെങ്കിൽ അയാൾക്ക് എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നൽ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. ഈ സാഹചര്യത്തിൽ അധികൃതരുടെ നിർദേശപ്രകാരം വീട്ടിൽ തുടരുക. വീട്ടിൽ നിന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കാനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.