1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2015

സ്വന്തം ലേഖകന്‍: പരസ്പരം പിരിഞ്ഞു നിന്നിരുന്ന ആറു ജനതാ പാര്‍ട്ടികളും ലയിച്ച് ഒറ്റ പാര്‍ട്ടിയായി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലയന തീരുമാനം. ആറ് പാര്‍ട്ടികളുടെ നേതാക്കളും ചേര്‍ന്നാണ് ലയനം പ്രഖ്യാപിച്ചത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗാണ് പാര്‍ട്ടി നേതാവ്. പാര്‍ട്ടി പേര്, പതാക, ചിഹ്നം, നയം തുടങ്ങിയവയെ സംബന്ധിച്ച് ആറംഗ സമിതി പിന്നീട് തീരുമാനമെടുക്കും. ഇതോടെ രാജ്യസഭയില്‍ 68 അംഗങ്ങളുള്ള കോണ്‍ഗ്രസിനും 47 അംഗങ്ങളുള്ള ബിജെപിക്കും പിന്നില്‍ 30 അംഗങ്ങളുമായി മൂന്നാം സ്ഥാനത്താകും ജനതാ പാര്‍ട്ടിയുടെ സ്ഥാനം.

15 എംപിമാരുള്ള പാര്‍ട്ടി ലോക്‌സഭയില്‍ എട്ടാം സ്ഥാനത്താണ്. എച്ച്ഡി ദേവഗൗഡ (ജനതാദള്‍ എസ്), ശരദ് യാദവ് (ജനതാദള്‍ യുണൈറ്റഡ്), ഓം പ്രകാശ് ചൗത്താല (ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍), കമല്‍ മൊറാര്‍ക (സമാജ്‌വാദി ജനതാ പാര്‍ട്ടി), റാം ഗോപാല്‍ യാദവ് (സമാജ്‌വാദി പാര്‍ട്ടി) എന്നിവരാണ് ആറംഗ സമിതിയില്‍ ഉണ്ടാകുക.

സമാജ്‌വാദി ജനതാ ദള്‍ എന്ന പേരും സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളും സ്വീകരിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. ജെഡിയു പിളര്‍ത്തി കഴിഞ്ഞ മാസം പുതിയ പാര്‍ട്ടി തുടങ്ങിയ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി, ജെഡിയുവിന്റെ പതാകയിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിലെ ജനതാ പാര്‍ട്ടികളുടെ സുവര്‍ണ കാലഘട്ടം മടങ്ങി വരുമെന്ന് പുതിയ നീക്കത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ലാലുപ്രസാദ് യാദവും ജെഡിയുവും കരുതുന്നു. ബീഹാറില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ജനതാ പാര്‍ട്ടികളുടെ ആദ്യ വെല്ലുവിളി.

ജനതാ പാര്‍ട്ടികളുടെ ലയനം ലോക്‌സഭയില്‍ ബിജെപിക്ക് ഭീഷണിയാവില്ലെങ്കിലും രാജ്യസഭയിലാണ് ബിജെപിയെ അത് കുഴപ്പത്തിലാക്കും. അതേസമയം, ബിജെപി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയല്ല ജനതാ പാര്‍ട്ടികളുടെ ലയനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കളിലൊരാളായ ദേവഗൗഡ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.