1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: കേരളത്തിനുള്ള സാമ്പത്തിക സഹായം; തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യയുടെ നിലപാടാണ് യുഎഇയുടെ മനംമാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ വിലയിരുത്തല്‍.

യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നു പ്രമുഖ വ്യവസായി എം.എ.യൂസഫലിയില്‍നിന്നു വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണു വിവാദം ഉടലെടുത്തത്. വിദേശ സഹായം വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം നിലപാടെടുത്തു.

സഹായം വാങ്ങണോയെന്നു കേന്ദ്ര സര്‍ക്കാരിനു തീരുമാനിക്കാമെന്നാണ് നിലവിലെ സര്‍ക്കാര്‍ തയാറാക്കിയ ദുരന്ത മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിട്ടുള്ളതെന്നു മറുവാദമുണ്ടായി. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടെന്നാണു നിലപാടെന്നു കേന്ദ്രം വീണ്ടും വ്യക്തമാക്കി. നയപരമായ കാര്യമാണെന്നും ഓരോ രാജ്യവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും സുപ്രീം കോടതി പറഞ്ഞു. യുഎഇയുടേതായിരുന്നു പ്രധാന വാഗ്ദാനം.

വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകള്‍ മുഖേനയുള്ള നടപടികള്‍ക്കു തടസ്സമില്ലെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ മുന്‍പു വ്യക്തമാക്കിയത്. തുടര്‍ന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാന്‍ ആലോചന നടന്നു. തുടര്‍നടപടികള്‍ക്കായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ ശേഖരിച്ചു.

ഇതിനിടെ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോണ്‍ ഗോങ്‌സക്തിയോടു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അക്കാര്യം അദ്ദേഹം ട്വിറ്ററില്‍ വെളിപ്പെടുത്തുകയും ചെയ്തു.
തായ്‌ലന്‍ഡ് കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ഡല്‍ഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതിയുടെ നീക്കമാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് തടഞ്ഞത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.