1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2019

സ്വന്തം ലേഖകന്‍: ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളത്തിലും സേവനങ്ങള്‍; തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന്. ദുബൈ ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്. ദുബൈ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

ദുബൈ ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബൈ പൊലീസ് തീരുമാനിച്ചു. ഇതോടെ സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യന്‍ ഭാഷയാവുകയാണ് മലയാളം. ദുബൈ ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.

പൊലീസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷന്‍ ആണ് ദുബൈ ജുമൈരയിലെത്. സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു. സ്റ്റേഷനിലെ ഈ സേവനങ്ങള്‍ മാതൃകാപരമാണ്.

മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബൈ പൊലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും.

ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളാണ് സ്റ്റേഷനില്‍. ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്.

ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മാരിയുടെ ക്ഷണപ്രകാരമായിരുന്നു സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം. ദുബായ് പോലീസ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം, കേണല്‍ ഹുസൈന്‍ ബിന്‍ ഖലിറ്റ , മേജര്‍ അഹമ്മദ് ബിന്‍ ഫഹദ് എന്നിവഎ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് എന്നിവരും കൂടെയുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.