1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2018

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി; യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് ആഹ്വാനം; ഷാര്‍ജ സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കായി വിദേശ മലയാളികളുടെ സഹായം തേടിയുളള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ദുബൈ ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്തു. പ്രളയം ദുരിതം വിതച്ച കേരളത്തെ പുനര്‍നിര്‍മിക്കാനായി യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

പതിനേഴാം തിയതിയാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് പോയത്. യുഎഇയില്‍ വലിയ തോതിലുള്ള സഹായങ്ങളാണ് പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്തത്. കേരളത്തെ എങ്ങനെ പുനര്‍നിര്‍മിക്കുമെന്നുള്ള വ്യക്തമായ ചിത്രവും മുഖ്യന്‍ അവര്‍ക്ക് നല്‍കി.

കൂടാതെ, കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങളെ എതിര്‍ത്ത പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി അദ്ദേഹം വിവിധ പരിപാടികളിലായി വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ദുബായിയില്‍ മലയാളി സമൂഹത്തോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ തടയുന്നു. കേരളത്തിനു മുന്നോട്ടുപോകാനുള്ള അവസരമാണു നിഷേധിക്കുന്നത്. ഇതിനെതിരേ മലയാളിയുടെ അഭിമാനബോധം ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്നും നവകേരള സൃഷ്ടിക്കു സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതു യോഗത്തില്‍ പ്രസംഗിക്കവെ പിണറായി വിജയന്‍ പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.