1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2018

സ്വന്തം ലേഖകന്‍: ‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍. ആ ചിത്രം ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍ വിധികളെ പൊളിച്ചെഴുതാന്‍ സഹായിച്ചെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു ബോധ്യമുള്ളിടത്തോളം കാലം എല്ലാതരം കഥാപാത്രങ്ങളും തിരഞ്ഞെടുപ്പാണെന്നും വിദ്യ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും പിടിഐയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിദ്യ തുറന്നടിക്കുന്നു.

‘ചിത്രത്തിന്റെ സംവിധായകനായ മിലന്‍ ലുത്ര്യ എന്നോട് ഇടയ്ക്കിടെ പറയുമായിരുന്നു ഞാന്‍ സില്‍ക്കിനെ ബഹുമാനിച്ചാല്‍ പ്രേക്ഷകരും ബഹുമാനിക്കുമെന്ന്. എന്റെ മനസ്സിനെ ഫ്രീയാക്കാനും സില്‍ക്കിനെ ജഡ്ജ് ചെയ്യാതിരിക്കണമെന്നും മിലന്‍ പറയാറുണ്ടായിരുന്നു. ആദ്യമൊക്കെ എനിക്ക് അത്ഭുതം തോന്നാറുണ്ടായിരുന്നു എന്തുകൊണ്ടാണ് കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയാത്തത് എന്നതില്‍. എന്നാല്‍ മിലനായിരുന്നു ശരി. മിലന് പറയേണ്ടിയിരുന്നത് സില്‍ക്കിന്റെ കഥയായിരുന്നു, അല്ലാതെ പോണ്‍ സിനിമ നിര്‍മ്മിക്കലായിരുന്നില്ല അയാളുടെ ലക്ഷ്യം.

‘ഞാന്‍ ചെയ്ത സിനിമകള്‍ക്കെല്ലാം എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്റെ തന്നെ ഒരു ഭാഗത്തെ ഫ്രീയാക്കാന്‍ അതു സഹായിച്ചു. എന്നെക്കുറിച്ചുള്ള പല കാര്യങ്ങളും മനസ്സിലാക്കാന്‍ അതെന്നെ സഹായിച്ചു. എന്റെ മനസ്സു തന്നെയാണ് എന്റെ കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നത്. മുന്‍വിധികളെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായതായിരിക്കാം ഒരുപക്ഷെ. അതുകൊണ്ടാണ് ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രം ഞാന്‍ തിരഞ്ഞെടുത്തത്,’ വിദ്യ പറയുന്നു.

മിലന്‍ ലുത്ര്യ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ 2011ലാണ് പുറത്തിറങ്ങിയത്. പ്രസിദ്ധ തെന്നിന്ത്യന്‍ നടിയായിരുന്ന സില്‍ക്ക് സ്മിത യുടെ ജീവിത കഥയില്‍ നിന്നാണ് ഈ സിനിമയുടെ പ്രചോദനം. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ ബോക്‌സ് ഓഫീസില്‍ മുപ്പതു കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും വിദ്യയെ തേടിയെത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.