1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2018

സ്വന്തം ലേഖകന്‍: ‘അത് അറിവില്ലായ്മ കൊണ്ടുണ്ടായതാണ്, കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം എനിക്കില്ല,’ വനിതാ മതിലിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍. വനിതാ മതിലിന് വന്നുചേര്‍ന്ന രാഷ്ട്രീയ നിറത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്നാല്‍ അതിനേറെ രാഷ്ട്രീയവും പരിസരവും മനസ്സിലാക്കിയപ്പോള്‍ പിന്മാറുകയാണ് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെ വനിതാ മതിലിന് പിന്തുണയുമായി നടി രംഗത്ത് വന്നിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. വനിതാ മതിലിന്റെ ഫേസ്ബുക് പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.’നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’ മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

വനിതാ മതിലിന് പിന്തുണ നല്‍കിയ തന്റെ തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കിയതിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.