1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കാത്തിരിക്കുന്നത് ആറു മാസംവരെ തടവും 50,000 റിയാല്‍ പിഴയും. നിയമ ലംഘനം നടത്തുന്ന വിദേശികള്‍ക്ക് ആറു മാസംവരെ തടവു ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇഖാമ, തൊഴില്‍ നിയമ ലഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നാലു മാസം നീണ്ടു നിന്ന പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് വകുപ്പ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്.

നിയമ ലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ട നിയമ ലംഘകരുടെ കുടിശികയുളള ഇഖാമ ഫീസും പിഴയും തൊഴിലുടമയില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.

കാലാവധി കഴിഞ്ഞും ഇഖാമ പുതുക്കാത്തതിന്റെ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. എന്നാല്‍ പൊതുമാപ്പ് വേളയില്‍ ഇക്കാര്യം അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം സ്വദേശികളായ സ്‌പോണ്‍സര്‍മാരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുളള തുക പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സമീപിക്കുമ്പോള്‍ ഈടാക്കാനാണ് ആലോചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.