
സ്വന്തം ലേഖകന്‍: ആ കുരുന്ന് വേദനിക്കുന്ന ഓര്‍മയായി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായ ഏഴ് വയസുകാരന്‍ മരിച്ചു. ഇന്ന് പതിനൊന്നര മണിക്കാണ് മരണം സംഭവിച്ചത്.
അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രിയോടെ ആരോഗ്യനില കൂടുതല്‍ വഷളായി. കുടലിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ദ്രവ രൂപത്തില്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തി. രാത്രിയോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. രക്ത സമ്മര്‍ദ്ദം താണു. ഇന്ന് രാവിലെ സ്ഥിതി കൂടുതല്‍ വഷളായി. 11.35ന് എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി ആ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ തല ശക്തിയായി ഇടിച്ചാണ് തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല