
സ്വന്തം ലേഖകൻ: സ്കൂളുകളില്‍ പഠനം ആരംഭിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
കോവിഡ് പ്രതിസന്ധി മാറാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ഓഫ്ലൈനായി പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയെടുത്ത തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാണ് മന്ത്രിസഭ അനുമതി നൽകിയത്. ക്വാറൻറീൻ കേന്ദ്രങ്ങള്‍ ജനവാസ മേഖലകളില്‍നിന്ന് ദൂരത്തേക്ക് മാറ്റാനുള്ള കോവിഡ് -19 പ്രതിരോധ സമിതിയുടെ നിര്‍ദേശത്തിനും അംഗീകാരം നല്കി.
കോവിഡ് വാക്സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടുവന്ന സ്വദേശികള്‍ക്കും പ്രവാസികൾക്കും മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കാനും കോവിഡിനെ തുടച്ചുനീക്കാനുമുള്ള ശ്രമത്തിന് പൊതുജനങ്ങള്‍ നല്കുന്ന പിന്തുണ ആശാവഹമാണ്. മനുഷ്യത്വവും കാരുണ്യവും സഹജീവിസ്നേഹവുമാണ് ബഹ്റൈന്‍ ജനതയുടെ കരുത്തെന്ന് തെളിയിക്കുന്നതാണ് രജിസ്ട്രേഷനുള്ള തിരക്ക് സൂചിപ്പിക്കുന്നതെന്നും കിരീടാവകാശി വിലയിരുത്തി.
അതിനിടെ ഈ വർഷം സ്കൂൾ തുറക്കുന്നത് ഉചിതമല്ലെന്ന നിലപാടിൽ ഖത്തറിലെ ഭൂരിപക്ഷം രക്ഷിതാക്കളും. രാജ്യം കൊവിഡ്-19 വിമുക്തമാകുന്നതു വരെ ഓൺലൈൻ ക്ലാസ് തുടരണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഡിസംബർ വരെ ഓൺലൈൻ ക്ലാസുകൾ തുടരണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അധ്യയന വർഷത്തേക്കാൾ കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് വലുതെന്ന് ഒരേ സ്വരത്തിൽ രക്ഷിതാക്കൾ പറയുന്നു.
പ്രത്യേകിച്ചും കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കിടയിൽ അകലം പാലിക്കൽ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു. മുൻകരുതൽ പാലിക്കണമെന്നതിനെക്കുറിച്ച് ചെറിയ കുട്ടികളെ രക്ഷിതാക്കൾ എത്ര പഠിപ്പിച്ചു വിട്ടാലും സാഹചര്യങ്ങളുടെ ഗൗരവം തിരിച്ചറിയാനുള്ള പ്രായമില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ അവർ ശ്രദ്ധ ചെലുത്തില്ല എന്നത് കൂടുതൽ അപകടകരമാണ്. സെപ്റ്റംബർ 1 ന് സ്കൂൾ തുറക്കാനിരിക്കെ ഇതു സംബന്ധിച്ച് പ്രാദേശിക പത്രമായ ദ പെനിൻസുല സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരംഭിച്ച ഓൺലൈൻ സർവേയിലാണ് രക്ഷിതാക്കളുടെ പ്രതികരണം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല