
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കഠിനമാക്കി ഒമാന്‍. ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്വദേശി പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും ഷോപ്പുകളിലും വിലക്ക് ഏര്‍പ്പെടുത്തി. റസ്റ്ററന്റുകളിലും കഫേകളിലും കോംപ്ലക്സുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളുല്‍ 12–ാം ക്ലാസ് ഒഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
അവധിക്കും അത്യാവശ്യത്തിനും നാട്ടിൽ പോവുന്നവർക്ക് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യാൻ കഴിയുമെങ്കിലും ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്നത് പ്രയാസകരമാകും. ഇപ്പോൾ നാട്ടിൽ അവധിയിൽ കഴിയുന്നവരെയും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇത്തരക്കാർക്ക് ഒമാനിൽ പ്രവേശിക്കാൻ യാത്രാവിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ വിസിറ്റ് വിസ എടുത്ത്് 14 ദിവസം തങ്ങിയ ശേഷം ഒമാനിലെത്തേണ്ടി വരും.
13 രാജ്യങ്ങൾക്കാണ് നിലവിൽ ഒമാനിൽ യാത്രാവിലക്കുള്ളത്. ദുബൈ, ഖത്തർ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങൾക്ക് യാത്രാ വിലക്കില്ലാത്തതിനാൽ വിസിറ്റ് വിസ കിട്ടുകയാണെങ്കിൽ ഇത്തരം രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷം ഒമാനിലെത്താനാകും. പിന്നീട് ഒമാനിലെ പി.സി.ആർ ടെസ്റ്റുകൾ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നിവയും കൂടി വഹിക്കുേമ്പാൾ ഒമാൻ യാത്രക്ക് വലിയ സംഖ്യ ചെലവിടേണ്ടി വരും.
താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇത്തരം ഭാരിച്ച ചെലവുകൾ വഹിക്കാൻ പ്രയാസമാണ്. അതിനാൽ ഇത്തരക്കാർക്ക് യാത്രാനിയന്ത്രണങ്ങൾ കഴിയുന്നതുവരെ കാത്തിരിക്കുകയാണ് ഏക വഴി. വിസകാലാവധിക്കുള്ളിൽ യാത്രാവിലക്ക് അവസാനിച്ചില്ലെങ്കിൽ ഇത്തരക്കാർ തിരിച്ചുവരാനും സാധ്യതയില്ല. എങ്കിലും ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് വന്ദേഭാരത് വിമാന സർവിസുകളുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല